SignIn
Kerala Kaumudi Online
Thursday, 19 February 2026 12.14 AM IST

ഒന്നുതൊടാൻ ഇനി പാകിസ്ഥാൻ നൂറ് തവണ ആലോചിക്കും; നാവികസേനയ്‌ക്കായി എത്തുന്നത് 31 റാഫേലുകൾ

Increase Font Size Decrease Font Size Print Page
rafale

ന്യൂഡൽഹി: നാവികസേനയ്‌ക്കായി 31 റാഫേൽ മറെെൻ ജെറ്റുകൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വ്യോമസേനയ്ക്ക് വേണ്ടി 114 റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നതിന് പുറമേയാണിത്. ഫ്രഞ്ച് മാദ്ധ്യമമായ ലാ ട്രിബ്യൂണാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 114 യുദ്ധവിമാനങ്ങൾക്ക് പുറമെ 31 റാഫേൽ മറെെൻ യുദ്ധവിമാനങ്ങളും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വിമാനവാഹിനികളിൽ നിന്ന് പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന റാഫേൽ മറെെൻ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിയിലാകും ഇവ വിന്യസിക്കുക. വാർത്ത ശരിയാണെങ്കിൽ ഇന്ത്യയുടെ പക്കലുള്ള റാഫേൽ വിമാനങ്ങളുടെ എണ്ണം 145 ആയി ഉയരും. 31 റാഫേൽ മറെെൻ ജെറ്റുകളുടെ ആവശ്യകത ഇന്ത്യ വർഷങ്ങൾക്ക് മുൻപ് തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്.

വ്യോമസേനയുടെ മൾട്ടി റോൾ ഫൈറ്റർ എയർ ക്രാഫ്‌റ്റ് പരിപാടിയുടെ ഭാഗമായി നേരത്തെ 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) അനുമതി നൽകിയിരുന്നു.

യുദ്ധവിമാനങ്ങൾക്കായി ഇന്ത്യയുടെ ഏറ്റവും വലിയ ഇടപാടാണിത്. 17ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഡൽഹിയിലെത്തുമ്പോൾ കരാറിൽ ഒപ്പിടും. റാഫേലിന്റെ അത്യാധുനിക പതിപ്പായ (എഫ് 5) 18 വിമാനങ്ങൾ ഫ്രാൻസ് 2030ൽ ഇന്ത്യയിലെത്തിക്കും. 96 എണ്ണം മേക്ക് ഇൻ ഇന്ത്യയിൽ തദ്ദേശീയ ഘടകങ്ങളോടെ നിർമ്മിക്കാൻ സാങ്കേതിക വിദ്യ കൈമാറും. പിൻ ഫ്യൂസ്‌ലേജിന്റെ ലാറ്ററൽ ഷെല്ലുകൾ, പിൻഭാഗം, മദ്ധ്യ ഫ്യൂസ്‌ലേജ്, മുൻഭാഗം എന്നിവ നിർമ്മിക്കുക ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ ഹൈദരാബാദ് പ്ളാന്റിൽ ആയിരിക്കും. വിമാന അറ്റകുറ്റപ്പണി, പുതുക്കൽ, പൈലറ്റ് പരിശീലനം എന്നിവയും കരാറിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ഓപ്പറേഷൻ സിന്ദൂറിൽ റാഫേൽ നിർണായകമായിരുന്നുവെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യൻ എയർഫോഴ്സ് പൈലറ്റുമാരുടെ കൈയിൽ റാഫേൽ ഭദ്രമായിരുന്നുവെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചിരുന്നു. ഇനിയൊരു സിന്ദൂർ ഉണ്ടായാൽ സേനയ്ക്ക് ആത്മവിശ്വാസവും കരുത്തും പകരുന്നതാണ് ഈ ഇടപാട്.

ഓപ്പറേഷൻ സിന്ദൂറിൽ അമേരിക്കയുടെ എഫ് 16 വിമാനങ്ങളേയും തുർക്കിയുടെ ഡ്രോണുകളേയും പ്രതിരോധിക്കാനും ചെെനയുടെ എയർ ഡിഫൻസ് സംവിധാനത്തെ മറികടക്കാനും റാഫേൽ ഉപയോഗിച്ച് ഇന്ത്യയ്ക്ക് കഴിഞ്ഞു. പുതിയ റാഫേൽ വിമാനങ്ങൾ കൂടി ചേരുന്നതോടെ മേഖലയിലെ ശക്തിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് അത് കരുത്തേകും.

TAGS: RAFALE, JETS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY