ജയ്‌പൂർ: ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഭൂപടത്തിൽ നിന്ന് തന്നെ പാക്കിസ്ഥാനെ മായ്ച്ചുകളയുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. രാജസ്ഥാനിലെ അനുപ്‌ഗഡിൽ നടന്ന സൈനിക ചടങ്ങിൽ സംസാരിക്കവെയാണ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇക്കാര്യം പറഞ്ഞത്. ഭീകരതയ്ക്ക് പ്രോത്സാഹനം നൽകുന്നത് അവസാനിപ്പിക്കാൻ ഇസ്ലാമാബാദ് വിസമ്മതിച്ചാൽ 'ഓപ്പറേഷൻ സിന്ദൂരിന്റെ രണ്ടാം പതിപ്പ്' ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തവണ ഇന്ത്യൻ സൈന്യം അതിൽ യാതൊരു സംയമനവും കാണിക്കില്ലെന്നും അദ്ദേഹം സൂചന നൽകി. സൈനികരോട് തയ്യാറായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
"ഓപ്പറേഷൻ സിന്ദൂർ 1.0-ൽ ഉണ്ടായിരുന്ന സംയമനം ഇത്തവണ ഞങ്ങൾ പാലിക്കില്ല. ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്തണോ വേണ്ടയോ എന്ന് പാകിസ്ഥാനെ ചിന്തിപ്പിക്കുന്ന എന്തെങ്കിലും തന്നെ ഞങ്ങൾ ഇത്തവണ ചെയ്യും. ഭൂപടത്തിൽ പാകിസ്ഥാൻ എന്നൊരു രാജ്യം നിലനിൽക്കണം എന്ന് അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിനായി ആദ്യം സർക്കാർ സ്പോൺസർ ചെയ്യുന്ന ഭീകരത അവസാനിപ്പിക്കണം," ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.
മേയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂറിനിടെ യുഎസ് നിർമ്മിത എഫ് -16 വിമാനങ്ങളും ചൈനീസ് ജെഎഫ് -17 വിമാനങ്ങളും ഉൾപ്പെടെ നാലോ അഞ്ചോ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായി എയർ ചീഫ് മാർഷൽ എ പി സിംഗ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ജനറൽ ദ്വിവേദിയുടെ മുന്നറിയിപ്പ്.
ഓപ്പറേഷൻ സിന്ദൂറിൽ, നിരപരാധികളുടെ ജീവന് ഒന്നും സംഭവിക്കില്ലെന്നും സൈനിക ലക്ഷ്യസ്ഥാനങ്ങൾ നശിപ്പിക്കില്ലെന്നും ഇന്ത്യ ദൃഢനിശ്ചയം ചെയ്തിരുന്നതായി കരസേനാ മേധാവി പറഞ്ഞു. തീവ്രവാദ ഒളിത്താവളങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, അവരുടെ സൂത്രധാരന്മാർ എന്നിവരെ ഇല്ലാതാക്കുന്നതിലാണ് ഇന്ത്യൻ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിലൂടെ, നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങളെക്കുറിച്ചുള്ള തെളിവുകൾ ഇന്ത്യ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചെന്നും അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ പാകിസ്ഥാൻ സത്യം മറച്ചുവെക്കുമായിരുന്നുവെന്നും കരസേന മേധാവി കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിൽ ധീരമായ പ്രകടനം നടത്തിയ മൂന്ന് ഉദ്യോഗസ്ഥരെ കരസേനാ മേധാവി ആദരിച്ചു. ചടങ്ങിൽ, ബിഎസ്എഫ് 140 ാം ബറ്റാലിയൻ കമാൻഡന്റ് പ്രഭാകർ സിംഗ്, രജ്‌പുത്താന റൈഫിൾസ് മേജർ റിതേഷ് കുമാർ, ഹവിൽദാർ മോഹിത് ഗൈറ എന്നിവർക്ക് പ്രത്യേക അംഗീകാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |