ന്യൂഡൽഹി: നമ്മുടെ നാട്ടിൽ വെറും അഞ്ചുരൂപയ്ക്ക് കിട്ടുന്ന ഒരുകവർ പാർലേ ജി ബിസ്കറ്റ് 2400 രൂപയ്ക്ക് വാങ്ങുന്നവർ ഉണ്ടാകുമോ? തീർച്ചയായും. 2400 രൂപ കൊടുത്താൽപ്പോലും ചിലപ്പോൾ കിട്ടില്ലെന്നതാണ് സത്യം. യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും ഭാഗമായി കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഗാസയിലാണ് ബിസ്കറ്റിന് നമ്മുടെ നാട്ടിൽ ഈടാക്കുന്നതിന്റെ 500 ഇരട്ടി വില ഈടാക്കുന്നത്. അടുത്തിടെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട പാേസ്റ്റിലാണ് ഉയർന്ന വിലയെപ്പറ്റി വിശദീകരിക്കുന്നത്. തന്റെ മകൾക്ക് ഇത്രയും ഉയർന്ന വില നൽകി ഇഷ്ടപ്പെട്ട ബിസ്കറ്റ് വാങ്ങിനൽകിയെന്നാണ് പോസ്റ്റിൽ പറയുന്നത്. 'ഒരു നീണ്ട കാത്തിരിപ്പിനൊടുവിൽ എനിക്ക് ഇന്ന് രവിഫ് അവളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റ് ലഭിച്ചു. വില 1.5 യൂറോയിൽ നിന്ന് 24 യൂറോയിലേക്ക് കുതിച്ചുയർന്നിട്ടും, റാഫിഫിന് അവളുടെ പ്രിയപ്പെട്ട ട്രീറ്റ് നിഷേധിക്കാൻ എനിക്ക് കഴിഞ്ഞില്ല' എന്നാണ് പാേസ്റ്റിൽ പറയുന്നത്.
2023നുശേഷം ഗാസയിൽ ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. തങ്ങൾക്കുനേരെ ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം ഇസ്രയേൽ ഗാസയിലേക്കുളള ഭക്ഷ്യലഭ്യത കാര്യമായി കുറച്ചിരുന്നു. പലപ്പോഴും സമ്പൂർണ ഉപരോധത്തിന് സമാനമാണ് ഗാസയിലെ അവസ്ഥയെന്നാണ് പല മാദ്ധ്യമങ്ങളും റിപ്പോർട്ടുചെയ്യുന്നത്. അത്യാവശ്യ വസ്തുക്കളുമായി പരിമിതമായ എണ്ണം ട്രക്കുകളെ മാത്രമേ അതിർത്തി കടക്കാൻ ഇസ്രയേൽ സൈന്യം അനുവദിക്കുന്നുള്ളൂ. ഗാസയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് നൽകാതെ ഹമാസ് പിടിച്ചെടുക്കുന്നു എന്നും അതിനാൽ തങ്ങൾ ഭക്ഷ്യവിതരണം ഉൾപ്പെടെ പരിമിതപ്പെടുത്തുന്നു എന്നുമാണ് ഇസ്രയേൽ പറയുന്നത്.
ഗാസയിലേക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ ഒരു ന്യൂനപക്ഷത്തിനുമാത്രമേ ലഭിക്കുന്നുള്ളൂ എന്നും അർഹതപ്പെട്ടവർക്ക് നൽകാതെ ഇല്ലാത്ത ക്ഷാമം ഉണ്ടാക്കി വൻ വിലയ്ക്ക് മറിച്ചുവിൽക്കുകയുമാണ് ചെയ്യുന്നതെന്നാണ് ചില ഗാസ നിവാസികൾ പറയുന്നത്. ഓരോ പ്രദേശത്തെ അനുസരിച്ച് സാധനങ്ങളുടെ വിലയിൽ മാറ്റമുണ്ടാകും. എങ്കിലും അഞ്ചുരൂപയുടെ ഒരുകവർ ബിസ്കറ്റ് രണ്ടായിരം രൂപയിൽ കുറഞ്ഞ് എങ്ങുനിന്നും കിട്ടില്ലെന്നും അവർ പറയുന്നു. എക്സ്‌പോർട്ട് പാക്കറ്റ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഈ പാക്കറ്റുകളിൽ വിലയെക്കുറിച്ച് പരാമർശിക്കുന്നേയില്ല. അതിനാൽ തോന്നിയപോലെ വില ഈടാക്കാനും കഴിയും. ബിസ്കറ്റിന് സമാനമാണ് മറ്റ് ഭക്ഷ്യ ഉൽപ്പങ്ങളുടെയും വില.
ഗാസയിൽ അവശ്യ സാധനങ്ങൾക്ക് നൽകേണ്ട വില
ഒരു കിലോ പഞ്ചസാര: 4914 രൂപ
ഒരു ലിറ്റർ പാചക എണ്ണ: 4177 രൂപ
ഒരു കിലോ ഉരുളക്കിഴങ്ങ്: 1965 രൂപ
ഒരു കിലോ ഉള്ളി: 4423 രൂപ
ഒരുകപ്പ് കാപ്പി : 1800 രൂപ
പാർലേ ജി
റോഡുവക്കിലെ കുഞ്ഞ് മുറുക്കാൻ കടകളിലും വൻകിട മാളുകളിലും ഒരുപോലെ കിട്ടുന്ന ബിസ്കറ്റാണ് പാർലേ ജി . സുന്ദരിയായ ഓമനത്തം തുളുമ്പുന്ന കൊച്ചുകുഞ്ഞിന്റെ ചിത്രം പതിപ്പിച്ച പാർലേ ജി യുടെ കവർ പലർക്കും ഗൃഹാതുരമായ ഓർമയാണ്. വിപണിയിലെത്തിയിട്ട് ( 1938 ൽ) വർഷങ്ങളായെങ്കിലും രൂപത്തിലാേ ഭാവത്തിലോ വിലയിലോ കാര്യമായ വ്യത്യാസമൊന്നുമില്ല. ഇന്ന് ലോകത്ത് ഏറ്റവും അധികം വിറ്റുപോകുന്ന ബ്രാൻഡ് ബിസ്കറ്റും പാർലേ ജി തന്നെയാണ്. നേരത്തേ അഞ്ചുരൂപ പാക്കറ്റിൽ നൂറുഗ്രാം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 55 ഗ്രാമായി ചുരുങ്ങി.
യൂറോപ്പിൽ സമ്പന്നരുടെ വീടുകളിൽ മാത്രം ചായയോടൊപ്പം കഴിക്കുന്ന ചെറുപലഹാരായ ബിസ്കറ്റ് തന്റെ നാട്ടിൽ എല്ലാവീടുകളിലും എത്തിക്കണമെന്ന് ഗുജറാത്തിലെ ബിസിനസുകാരനായ മോഹൻലാൽ ദയാൽ ചൗഹാന്റെ തീരുമാനമാണ് പാർലേ ജി യുടെ പിറവിക്ക് കാരണമായത്. അദ്ദേഹം പാർലേ ജി പുറത്തിറക്കിയപ്പോൾ ബിസ്കറ്റ് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അവസ്ഥയിലായിരുന്നു ഇന്ത്യക്കാർ. പക്ഷേ പിന്നീടുണ്ടായത് ചരിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |