ന്യൂഡൽഹി: രാജ്യത്ത് മയക്കുമരുന്നു കേസുമായി ബന്ധമുള്ള ഇന്ത്യൻ ബിസിനസ്സുകാർക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള വിസ നിഷേധിച്ച് അമേരിക്ക. ഡൽഹിയിലെ അമേരിക്കൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന മയക്കുമരുന്നാണ് ഫെന്റനൈൽ . ഇതിൽ ഒരു മില്ലിഗ്രാം ഉപയോഗിച്ചാൽ പോലും ഓവർഡോസായി കണക്കാക്കപ്പെടും. . ചൈനയാണ് ഫെന്റനൈലിൻ കടത്തിന്റെ പ്രധാന ഉറവിടമായി കണക്കാക്കുന്നത്. ഫെബ്രുവരി 1 ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന , കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തി ഫെന്റനൈലിന്റെ അമേരിക്കയിലേക്കുള്ള വ്യാപനം തടയാൻ ശ്രമിച്ചിരുന്നു. ഇതിന്റെ ഓവർഡോസുമായി ബന്ധപ്പെട്ട് 2024 ൽ മാത്രം അമേരിക്കയിൽ 48,000 മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്.
ആയതിനാൽത്തന്നെ ഇതിന്റെ രാജ്യവ്യാപക കടത്തിൽ ബന്ധമുള്ള ആളുകൾക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം രാജ്യം കർശനമായി നിരോധിച്ചിരിക്കുകയാണ്. വിസ റദ്ദാക്കിയതിന്റെ അടിസ്ഥാനത്തിൽ പിന്നീട് വന്നിട്ടുള്ള അപേക്ഷകളും തള്ളി. അമേരിക്ക പുറത്തിറക്കിയ പ്രസ്താവനയിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല.
മയക്കുമരുന്ന് കടത്തിൽ ശക്തമായ പ്രതിഷേധമാണ് അമേരിക്ക രേഖപ്പെടുത്തിയിരിക്കുന്നത്. നിയമവിരുദ്ധ ഉത്പാദനത്തിലും കടത്തലിലും വ്യക്തികൾക്കു പുറമെ അതുമായി ബന്ധപ്പെട്ട സംഘടനകൾക്കും വിസ നിഷേധിക്കുമെന്നും എംബസി വ്യക്തമാക്കി. ലോകം നേരിടുന്ന പൊതുവായ ഒരു വെല്ലുവിളിയാണിതെന്നും ഇതിനെ ഒരുമിച്ച് നിന്ന് ചെറുത്ത് പോരാടണമെന്നും എംബസി അറിയിച്ചു. അമേരിക്കയുടെ ഇത്തരമൊരു തീരുമാനത്തോട് സഹകരിച്ച ഇന്ത്യൻ സർക്കാരിന് എംബസി നന്ദിയറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |