മനുഷ്യൻ ഏറ്റവുമധികം പേടിക്കുന്ന ഒന്നാണ് പാമ്പുകൾ. കാലാവസ്ഥയിൽ വലിയ മാറ്റം വന്നതോടെ കാടുകളിൽ മാത്രം കണ്ടിരുന്ന കൊടുംവിഷമുള്ള പാമ്പുകൾപോലും ഇപ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ എത്തുന്നുണ്ട്. നിലവിൽ ലോകത്ത് നാലായിരത്തോളം പാമ്പുവർഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇന്ത്യയിൽ മുന്നൂറിലധികം സ്പീഷിസുകൾ മാത്രമാണ് ഉള്ളത്. ഇതിൽ വിഷമുള്ളത് വളരെ കുറവുമാത്രമാണ്. അതായത് പേടിക്കേണ്ട പാമ്പുവർഗങ്ങൾ വളരെ കുറവാണെന്ന് അർത്ഥം.
കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കേ, ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് ഏതാണെന്ന് അറിയാമോ? ബാർബഡോസ് ത്രെഡ്‌സ്നേക്കാണ് (Barbados threadsnake) ലോകത്തെ ഏറ്റവും ചെറിയ പാമ്പ്. പത്തുസെന്റീമീറ്റർ മാത്രം വലിപ്പമുള്ള ഇവയ്ക്ക് ഒരു ചെറിയ നാണയത്തിന് മുകളിൽ സുഖമായി ചുരുണ്ടുകൂടിയിരിക്കാം. ഒറ്റനോട്ടത്തിൽ എന്നല്ല സൂക്ഷിച്ചുനോക്കിയാലും തിരിച്ചറിയുക പ്രയാസം.
2008ൽ പ്രമുഖ ബയോളജിസ്റ്റായ എസ്. ബ്ലെയർ ഹെഡ്ജസ് ആണ് കുഞ്ഞൻ പാമ്പിനെ കരീബിയൻ ദ്വീപായ ബാർബഡോസിലെ വനമേഖലയിൽ ആദ്യമായി കണ്ടെത്തിയത്. Tetracheilostoma carlae എന്നാണ് ശാസ്ത്രീയ നാമം. പാറകൾക്കിടയിൽ ജീവിക്കുന്ന ഇവയെ കണ്ടെത്തിയെങ്കിലും പാമ്പുകളാണെന്ന് ആദ്യം വ്യക്തമായില്ല. മണ്ണിരകളാണെന്നാണ് കരുതിയത്. പിന്നീടാണ് പാമ്പുകളാണെന്ന് മനസിലായത്. ഉറുമ്പുകൾ, ചിതലുകൾ എന്നിവയാണ് പ്രധാന ആഹാരം.
പെൺപാമ്പ് സാധാരണഗതിൽ ഒരുതവണ ഒരു മുട്ട മാത്രമേ ഇടാറുള്ളൂ. മുട്ടവിരിഞ്ഞുപുറത്തുവരുന്ന കുഞ്ഞുങ്ങൾക്ക് തള്ളപ്പാമ്പുകളുടെ പകുതിയോളം വലിപ്പമുണ്ടാകും. വളരെപ്പെട്ടെന്ന് ഇവ പൂർണവളർച്ചയെത്തുകയും ചെയ്യും.
കടിക്കും, പക്ഷേ...
ബാർബഡോസ് ത്രെഡ്‌സ്നേക്കിന് വിഷമില്ല. ശരിക്കും ഒരു നിരുപദ്രവകാരി എന്നാണ് ബയോളജിസ്റ്റുകൾ വിശേഷിപ്പിക്കുന്നത്. അളമുട്ടിയാൽ ചേരയും കടിക്കും എന്നല്ലേ ചൊല്ല്. അതുപോലെ ചില അപൂർവം സന്ദർഭങ്ങളിൽ മാത്രം ഈ കുഞ്ഞൻ പാമ്പും കടിക്കും. പക്ഷേ, ഇരയുടെ ശരീരത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കാൻ ഇവയ്ക്ക് ആവില്ല. കണ്ടാൽ എന്തോകൊണ്ട് ചെറുതായി പോറൽ വീണു എന്നേ തോന്നൂ.
ഇനി എത്രനാൾ
ബാർബഡോസിന്റെ കിഴക്കൻ ഭാഗത്തുള്ള ചെറിയൊരു വനപ്രദേശത്തുമാത്രമാണ് ഈ പാമ്പുകൾ കഴിയുന്നത്. മറ്റുപരിസ്ഥിതികളൊന്നും ഇവയുടെ വാസത്തിന് യോജിച്ചവയല്ല. വികസനത്തിന്റെ പേരിൽ ഈ മേഖകളിലേക്കുളള മനുഷ്യന്റെ കടന്നുകയറ്റം ബാർബഡോസ് ത്രെഡ്‌സ്നേക്കിനെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ഇവയെ സംരക്ഷിക്കാനുളള നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ ത്രെഡ്‌സ്നേക്ക് ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായേക്കും. ഇത് പേടിപ്പെടുത്തുന്നതാണെന്നാണ് ശാസ്ത്രജ്ഞൻമാർ പറയുന്നത്.
വലിപ്പത്തിലെ ഭീമൻ
ലോകത്തിലെ കുഞ്ഞൻ പാമ്പ് ബാർബഡോസ് ത്രെഡ്‌സ്നേക്കാണെങ്കിൽ വലിപ്പത്തിൽ ഒന്നാമൻ ഗ്രീൻ അനാക്കോണ്ടയാണ്. പൂർണവളർച്ചയെത്തിയ ഒരു പാമ്പിന് മുപ്പതടിവരെ നീളവും 250 കിലോഗ്രാം വരെ ഭാരവും ഉണ്ടാവും. മനുഷ്യന്റെ തലയുടെ അത്ര വലിപ്പം ഇവയുടെ തലയ്ക്ക് ഉണ്ടാവുമത്രേ. അസാധാരണ വലിപ്പം കൊണ്ടുതന്നെ അസാധാരണ ശക്തിയും ഇവയ്ക്കുണ്ട്. ഈ ശക്തിയുപയോഗിച്ച് ഇരകളെ വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് വിഴുങ്ങുകയാണ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |