ന്യൂഡൽഹി: ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തള്ളിയ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ, 130 വയസ് വരെ ജീവിച്ചിരിക്കുമെന്ന് പറഞ്ഞു. ഇന്ന് ഹിമാചൽ പ്രദേശിലെ ധരംശാലയിൽ അദ്ദേഹത്തിന്റെ 90-ാം ജന്മദിനാഘോഷം നടക്കും. അതിനു മുന്നോടിയായി സംഘടിപ്പിച്ച പ്രാർത്ഥനായോഗത്തിലാണ് ദലൈലാമ തന്റെ ദീർഘായുസിനെക്കുറിച്ച് പറഞ്ഞത്.
40 വർഷം കൂടി മാനവികതയെ സേവിക്കും. പരമാവധി കാര്യങ്ങൾ ചെയ്‌തു. വിശ്വാസികളുടെ പ്രാർത്ഥനകളാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദലൈലാമയുടെ ജന്മദിനാഘോഷം അവിസ്‌മരണീയ ചടങ്ങാക്കി മാറ്രാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ദലൈലാമ താമസിക്കുന്ന ടിബറ്റൻ ക്ഷേത്രമായ സുഗ്‌ലാഗ്ഖാംഗിലാണ് ആഘോഷം. പിൻഗാമി ആരെന്ന പ്രഖ്യാപനം ഇന്നുണ്ടാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 'കാരുണ്യത്തിന്റെ വർഷം' എന്ന പേരിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി കിരൺ റിജിജു, അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു തുടങ്ങിയവർ ധരംശാലയിലെത്തി. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനുയായികളും എത്തുന്നുണ്ട്. ഹോളിവുഡ് നടൻ റിച്ചാർഡ് ഗെരേ ധരംശാലയിലുണ്ട്.
തന്റെ മരണശേഷം പിൻഗാമിയുണ്ടാകുമെന്ന് ദലൈലാമ പറഞ്ഞിരുന്നു. താൻ രൂപീകരിച്ച ഗാദൻ ഫൊഡ്രാങ് ട്രസ്റ്റ് പിൻഗാമിയെ കണ്ടെത്തുമെന്നും മറ്റാർക്കും ഇടപെടാൻ അധികാരമില്ലെന്നും ചൈനയെ സൂചിപ്പിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യ ഇടപെടരുതെന്ന് ചൈന
ദലൈലാമയെ സ്വർണകലശത്തിൽ നിന്ന് നറുക്കെടുത്ത് കണ്ടെത്തുമെന്നും തങ്ങളുടെ അംഗീകാരം വേണമെന്നുമാണ് ചൈനയുടെ നിലപാട്. എന്നാൽ ഇന്ത്യ ആ നിലപാട് തള്ളിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകാതിരിക്കാൻ ടിബറ്റ് സംബന്ധമായ വിഷയങ്ങളിൽ ഇന്ത്യ ഇടപെടരുതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രതികരിച്ചു. ദലൈലാമ നേരിട്ട് പിൻഗാമിയെ തീരുമാനിക്കണമെന്ന വികാരമാണ് അനുയായികൾക്കെന്ന് കിരൺ റിജിജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |