
ദുബായ്: രാജ്യത്തെ പുതുക്കിയ പെട്രോള്‍- ഡീസല്‍ വില പ്രഖ്യാപിച്ചപ്പോള്‍ ആശ്വാസം ലഭിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക്. നവംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപനത്തില്‍ നിരക്ക് കുറച്ചിരിക്കുകയാണ് യുഎഇ. ഒക്ടോബറില്‍ വില വര്‍ദ്ധിച്ചിരുന്നതിനാല്‍ തന്നെ നവംബറിലെ വില കുറയുന്നത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാണ്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതുക്കി നിശ്ചയിച്ച വില പ്രാബല്യത്തില്‍ വരും.
സൂപ്പര്‍ 98 പെട്രോളിന് 2.63 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസമിത് 2.77 ദിര്‍ഹമായിരുന്നു. 2.66 ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോള്‍ നിരക്ക് 2.51 ദിര്‍ഹമായും 2.58 ദിര്‍ഹമായിരുന്ന ഇപ്ലസ് 91 പെട്രോള്‍ നിരക്ക് 2.44 ദിര്‍ഹമായും കുറഞ്ഞിട്ടുണ്ട്. ഡീസലിന് പുതിയ നിരക്ക് 2.67 ദിര്‍ഹമാണ്. ഒക്‌ടോബറില്‍ നിരക്ക് 2.71 ദിര്‍ഹമായിരുന്നു. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഇന്ധന വില കുറഞ്ഞത്.
ക്രൂഡ് ഓയില്‍ വിലയുടെ വ്യത്യാസം അനുസരിച്ചാണ് യുഎഇയില്‍ ഓരോ മാസത്തേയും പെട്രോള്‍ വില നിശ്ചയിക്കുന്നത്. ഇന്ധന വില നിര്‍ണയ സമിതിയാണ് യുഎഇയില്‍ വില നിശ്ചയിച്ച് ഓരോ മാസത്തേയും നിരക്ക് പ്രഖ്യാപിക്കുന്നത്. ഇന്ധന വിലയ്ക്ക് അനുസരിച്ചാണ് യുഎഇയില്‍ ടാക്‌സി കാറുകളുടെ നിരക്ക് ഉള്‍പ്പെടെ നിശ്ചയിക്കുന്നത്. വിലയിലെ വ്യത്യാസം അനുസരിച്ച് ടാക്‌സി നിരക്കിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. 2015 മുതലാണ് അന്താരാഷ്ട്ര വിപണി വിലയെ അടിസ്ഥാനമാക്കി രാജ്യത്തും ഇന്ധന വില പുതുക്കുന്ന രീതി ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |