ദുബായ്: യു.എ.ഇയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്ക് സർക്കാർ മാസങ്ങൾക്ക് മുമ്പ് നൽകിയ നിർദ്ദേശം നടപ്പാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. തീരുമാനം നടപ്പാക്കുമോ എന്ന കാര്യത്തിൽ പ്രവാസികളും ആശങ്കയിലാണ്. ഡിസംബർ 31നകം നിശ്ചിത ശതമാനം ജോലി സ്വദേശികൾക്ക് നൽകണമെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. വർഷാന്ത്യമാകുന്ന സാഹചര്യത്തിൽ കമ്പനികളെ ഇക്കാര്യം ആവർത്തിച്ച് അറിയിച്ചിരിക്കുകയാണ് സർക്കാർ.
അമ്പതിലധികം പ്രവാസികൾ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികൾ രണ്ട് ശതമാനം ജോലി സ്വദേശികൾക്ക് നൽകണം എന്നതാണ് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധന. 20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളിൽ ഒരു സ്വദേശിയെ നിയമിക്കണമെന്നും ഈ വർഷം ജനുവരിക്ക് മുമ്പ് കമ്പനിയിൽ ജോലി ചെയ്തിരുന്ന സ്വദേശിയെ തുടരാൻ അനുവദിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. യു.എ.ഇയിൽ പ്രവർത്തിക്കുന്ന 23000 കമ്പനികൾ സർക്കാരിന്റെ നിർദ്ദേശം പാലിച്ചു കഴിഞ്ഞു. എന്നാൽ പല കമ്പനികളും നിർദ്ദേശം പാലിച്ചിട്ടില്ല. ഡിസംബർ 31ന് ശേഷവും ഇത്തരം കമ്പനികൾ നിർദ്ദേശം പാലിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇവർ 96000 ദിർഹം പിഴയൊടുക്കേണ്ടി വരും. രണ്ട് സ്വദേശികളെ നിയമിക്കേണ്ട കമ്പനികൾ ഇരട്ടി തുക പിഴയായി നൽകേണ്ടി വരും.
ഉയർന്ന ശമ്പളം നൽകേണ്ടി വരുമെന്നതിനാൽ നേരത്തെ കമ്പനികൾ സ്വദേശികൾക്ക് ജോലി നൽകുന്നതിൽ വിമുഖത കാണിച്ചിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശം അനുസരിക്കാതെ കമ്പനികൾക്ക് പ്രവർത്തനം തുടരാനും സാധിക്കില്ല. അതേസമയം വിദേശികൾക്ക് വൻതോതിൽ ജോലി നഷ്ടപ്പെടുമെന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |