ഇന്ത്യയെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ച, രാജ്യം കണ്ട മികച്ച സാമ്പത്തിക വിദഗ്ദനാആണ് ഡോ. മൻമോഹൻ സിംഗ്. ആർ.ബി.ഐ ഗവർണർ ആയിരുന്ന കാലത്ത് കേരളം സന്ദർശിച്ച മൻമോഹൻസിംഗിനൊപ്പം ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ട് സവാരി നടത്തിയിരുന്നു. അതാണ് ആദ്യത്തെ കൂടിക്കാഴ്ച. 1991 മുതലാണ് അടുത്തിടപഴകുന്നത്. ഉദാരവൽക്കരണം നടപ്പാക്കുമ്പോൾ വ്യവസായ സഹമന്ത്രിയായിരുന്നു ഞാൻ. വ്യവസായ ഉദാരവൽക്കരണത്തിന്റെ ചുമതല എനിക്കായിരുന്നു. ഉദാരവൽക്കരണത്തിൽ ചെറുകിട വ്യവസായത്തിനെ ഉൾപ്പെടുത്തിയതിൽ വിയോജിപ്പ് അറിയിച്ച എന്നെ ക്യാബിനിൽ വിളിച്ച് അതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി. അത് സഭയിൽ അവതരിപ്പിക്കാൻ പിന്തുണ നൽകിയ വ്യക്തിത്വമാണ് ഡോ. മൻമോഹൻ സിംഗ്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ നിഷ്കരുണം തള്ളിക്കളയുകയും ഒരു പക്ഷെ ആ മിഷനിൽ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തേനെ. പക്ഷെ എതിർക്കുന്നവരെ പോലും ചേർത്ത് നിർത്തുന്ന മനസിനുടമയാണ് അദ്ദേഹം. തികച്ചും സൗമ്യമുഖം. ഒരാളോടും മോശമായി പെരുമാറുന്നത് കണ്ടിട്ടില്ല. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് വ്യവസായ സഹമന്ത്രി ആകാൻ അദ്ദേഹം ക്ഷണിച്ചെങ്കിലും വീണ്ടും അതേ പോസ്റ്രിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെ രാജ്യസഭ ഉപാദ്ധ്യക്ഷനായി നിർദേശിക്കുകയായിരുന്നു.
എതിർക്കുന്നവരെയും വിയോജിപ്പുള്ളവരേയും വെറുക്കുകയല്ല, ചർച്ച ചെയ്ത് കൂടെ നിർത്തുകയാണ് അദ്ദേഹം ചെയ്യുക. എത്ര നിശിതമായി വിമർശിക്കുന്നവരേയും തിരിച്ചാക്രമിച്ചിട്ടില്ല. ഇന്നത്തെ രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയാക്കാവുന്ന മനുഷ്യൻ.
എം.പിമാർക്ക് അശോകാ ഹോട്ടലിൽ ഭക്ഷണം നൽകുന്ന പതിവുണ്ട്. സാധാരണ പ്രധാനമന്ത്രിയ്ക്കും മറ്റ് മന്ത്രിമാർക്കും പ്രത്യേക ടേബിളും ഇരിപ്പിടവും ക്രമീകരിച്ചിട്ടുണ്ട്. ബാക്കി എല്ലാവർക്കും ബൊഫേ ആണ്. പക്ഷെ മൻമോഹൻ സിംഗ് ക്യൂ നിന്ന് ഭക്ഷണം വാങ്ങി കഴിയ്ക്കുന്നത് നിരവധി തവണ കണ്ടിട്ടുണ്ട്. അത്രയധികം ലാളിത്യത്തിന് ഉടമയായിരുന്നു അദ്ദേഹം.
( (രാജ്യസഭ മുൻ ഉപദ്ധ്യക്ഷനാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |