
ഹെെദരാബാദ്: ആന്ധ്രാപ്രദേശ് ബോർഡ് ഒഫ് ഇന്റർമീഡിയറ്റ് എക്‌സാമിനേഷൻ പ്ലസ് വൺ, പ്ലസ് ടു പരീക്ഷാഫലം വന്ന് 48മണിക്കൂറിനുള്ളിൽ ഒൻപത് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. പരീക്ഷയിൽ ജയിക്കാൻ കഴിയാതെ വന്നതോടെയാണ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയാണ് പരീക്ഷാഫലം പുറത്തുവന്നത്. ആത്മഹത്യാശ്രമം നടത്തിയ രണ്ട് കുട്ടികൾ ചികിത്സയിലാണ്.
10 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. അതിൽ പ്ലസ് വണ്ണിലെ വിജയശതമാനം 61ഉം പ്ലസ് ടുവിലെത് 72ശതമാനവുമാണ്.
ശ്രീകാകുളം ജില്ലയിലെ17കാരനായ ബി തരുൺ ട്രെയിനിന് മുന്നിൽ ചാടിആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. ദണ്ഡു ഗോപാലപുരം ഗ്രാമത്തിൽ നിന്നുള്ള തരുൺ പ്ലസ് വൺ പരീക്ഷയിലെ ചില വിഷയങ്ങളിൽ തോറ്റിരുന്നു. വിശാഖപട്ടണത്തെ മൽക്കപുരത്ത് പതിനാറു വയസുകാരിയായ അഖിലശ്രീയും വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടി പ്ലസ് വൺ പരീക്ഷയിലെ ചില വിഷയങ്ങളിൽ തോറ്റിരുന്നു. വിശാഖപട്ടണത്തെ കഞ്ചാരപാലത്തെ വസതിയിൽ 18കാരൻ തൂങ്ങിമരിച്ചു. കുട്ടി പ്ലസ് ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റിരുന്നതായാണ് റിപ്പോർട്ട്.
ചിറ്റൂർ ജില്ലയിൽ 17വയസുള്ള രണ്ട് വിദ്യാർത്ഥികൾ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. ഒരു പെൺകുട്ടി തടാകത്തിൽ ചാടിയും അതേ ജില്ലയിലെ ഒരു ആൺകുട്ടി കീടനാശിനി കഴിച്ചുമാണ് ആത്മഹത്യ ചെയ്തത്. പ്ലസ് വൺ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് 17വയസുള്ള മറ്റൊരു വിദ്യാർത്ഥി അനകപ്പള്ളിയിലെ വസതിയിൽ തൂങ്ങിമരിച്ചു.
അതേസമയം, ഇന്ത്യയിലെ പ്രീമിയർ കോളേജുകളിൽ ആത്മഹത്യകൾ പെരുകുന്നതായാണ് റിപ്പോർട്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐഐടി) വിവിധ ക്യാമ്പസുകളിൽ നാല് വിദ്യാർത്ഥികൾ ഈ വർഷം ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എവിടെയാണ് പിഴവ് സംഭവിക്കുന്നതെന്നും എന്താണ് വിദ്യാർത്ഥിക്കളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |