ചെന്നൈ: ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായപ്പോൾ യാത്രക്കാർക്ക് രക്ഷകനായി ബസ് കണ്ടക്‌ടർ. തമിഴ്‌നാട് കനക്കൻപ്പട്ടിയിൽ പഴനി മുതൽ ഒഡ്ഡൻച്ചത്രംവരെയുള്ള ദേശീയ പാതയിൽ ഇന്നലെയായിരുന്നു സംഭവം. 11 യാത്രക്കാരാണ് സംഭവസമയം ബസിനുള്ളിലുണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പഴനിയിൽ നിന്ന് പുതുക്കോട്ടയിലേയ്ക്ക് സർവീസ് നടത്തുന്ന ബസ് രാവിലെ 10.30നാണ് യാത്ര ആരംഭിച്ചത്.
30കാരനായ ഡ്രൈവർ എം പ്രഭു ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. പ്രഭുവിന് സ്റ്റിയറിംഗിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെടുന്നത് മനസിലാക്കിയ കണ്ടക്‌ടർ വിമൽരാജ് സാഹസികമായി കൈകൾകൊണ്ട് ബ്രേക്ക് അമർത്തി ബസ് നിർത്തുകയായിരുന്നു. ദേശീയ പാതയിൽ മാട്ടുപാതയ്ക്ക് സമീപമെത്തിയപ്പോൾ ബസിന്റെ വേഗത കുറയുന്നതും പ്രഭു ഡ്രൈവർ സീറ്റിന്റെ ഇടതുവശത്തേയ്ക്ക് ചരിയുന്നതും വിമൽരാജിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിന്നാലെ സെക്കന്റുകൾക്കുള്ളിൽ വിമൽരാജ് കുനിഞ്ഞ് ബ്രേക്ക് അമർത്തുകയായിരുന്നു. പെട്ടെന്ന് ബസ് നിന്നതിനെത്തുടർന്ന് മുൻ സീറ്റിലിരിക്കുകയായിരുന്ന സ്ത്രീ തെന്നിവീണു. എന്നിരുന്നാലും ബസ് കണ്ടക്‌ടറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായതായി പൊലീസ് അറിയിച്ചു.
പിന്നാലെ ആംബുലൻസ് എത്തി പ്രഭുവിനെ പഴനി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പ്രഭുവിന് നേരത്തെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |