മുംബയ്: മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ളണ്ട് നാലാം ക്രിക്കറ്റ് ടെസ്‌റ്റിലെ ആദ്യ ദിനം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ബാറ്റിംഗിനിടെ പരിക്കേറ്റിരുന്നു. പൊട്ടലേറ്റ കാൽപ്പാദവുമായി രണ്ടാം ദിനം ബാറ്റ് ചെയ്‌ത പന്ത് 54 റൺസ് നേടി. വിക്കറ്റ് കീപ്പിംഗ് ചെയ്യാൻ എന്നാൽ പന്തിന് കഴിയില്ലെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. അതിനാൽ പന്തിന് പകരം ധ്രുവ് ജുറേൽ ആണ് വിക്കറ്റ് കീപ്പിംഗ് നിർവഹിക്കുന്നത്. നാലാം ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്‌സിൽ പന്ത് ബാറ്റ് ചെയ്യുമോ എന്ന് ഇനിയും വ്യക്തമല്ല.
ഇക്കാരണത്താൽ അഞ്ചാം ടെസ്റ്റിന് പന്ത് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഹാംപ്‌ഷെയറിലെ റോസ്‌ബൗളിൽ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്‌റ്റിൽ പന്തിന് പകരം ഇന്ത്യയ്‌ക്ക് വേണ്ടി വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നത് ആദ്യ പകരക്കാരനായി കണക്കാക്കുന്ന ഇഷാൻ കിഷൻ ആകില്ല എന്നാണ് സൂചനകൾ വരുന്നത്. കണങ്കാലിലെ പരിക്ക് ഭേദമാകാത്തതാണ് ഇതിന് കാരണം. തമിഴ്‌നാട് വിക്കറ്റ് കീപ്പറും ഐപിഎല്ലിലെ ചെന്നൈ സൂപ്പർകിംഗ്സ് മുൻ താരവുമായ എൻ ജഗദീശനാണ് പകരം വിക്കറ്റ് കീപ്പറാകുക എന്നാണ് സൂചന.
വിക്കറ്റ് കീപ്പിംഗിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കുന്ന ധ്രുവ് ജുറേലിന് തന്നെയാകും ആദ്യ പരിഗണന എന്നാണ് വിവരം. രണ്ടാം കീപ്പറായി ആകും ജഗദീശനെ പരിഗണിക്കുക. ബിസിസിഐ ഈ വിവരം ജഗദീശനെ ഫോണിലൂടെ അറിയിച്ചു എന്നാണ് സൂചന. കോയമ്പത്തൂരിലെ ശ്രീ രാമകൃഷ്‌ണ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ജഗദീശൻ പരിശീലനം ആരംഭിച്ചിട്ടുണ്ട്. പത്ത് ദിവസത്തോളമായി അദ്ദേഹം പരിശീലനം നടത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
തമിഴ്‌നാട് പ്രീമിയർ ലീഗിൽ (ടിഎൻപിഎൽ) മദ്ധ്യനിര ബാറ്ററും വിക്കറ്റ് കീപ്പറുമാണ് എൻ ജഗദീശൻ. നിലവിൽ അദ്ദേഹത്തിന് ബിസിസിഐ ജഴ്‌സിയടക്കം അനുവദിച്ചിട്ടുണ്ട്. എന്നാൽ വിസ ഇല്ലാത്തതിനാൽ അത് ലഭിക്കാനായി കാത്തിരിക്കുകയാണ് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |