ന്യൂഡൽഹി: അഞ്ച്, എട്ട് ക്ളാസുകളിൽ തീരെ നിലവാരമില്ലാത്ത കുട്ടികളെ തോൽപ്പിച്ച് അതേ ക്ളാസിൽ നിലനിറുത്തണമെന്ന് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം. ഓൾ പാസ് നൽകുന്നത്, പഠനത്തിൽ പിന്നാക്കമായ കുട്ടികളുടെ നിലവാരം ഉയർത്തുന്നില്ലെന്ന് വിലയിരുത്തിയാണിത്.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതും ഡൽഹി, പുതുച്ചേരി ഒഴികെ കേന്ദ്രഭരണ പ്രദേശങ്ങളിലെയും കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂൾ, സൈനിക സ്‌കൂൾ അടക്കം 3000 സ്‌കൂളുകൾക്കാണ് തീരുമാനം ബാധകം.
2019ൽ പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ ദേദഗതി നിയമത്തിൽ (ആർ.ടി.ഇ) ഓൾ പാസ് പാടില്ലെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ, സംസ്ഥാനങ്ങൾക്ക് സ്വന്തമായി തീരുമാനിക്കാൻ അധികാരമുണ്ട്. അതുപ്രകാരം കേരളം, ഹരിയാന, പുതുച്ചേരി അടക്കം സംസ്ഥാനങ്ങൾ ഓൾ പാസ് തുടരുന്നു. വിദ്യാർത്ഥികൾക്കുമേൽ അനാവശ്യ സമ്മർദ്ദമുണ്ടാക്കുമെന്നും കൊഴിഞ്ഞു പോക്ക് കൂടുമെന്നുമാണ് കേരളത്തിന്റെ നിലപാട്. അതേസമയം, ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, കർണാടക, ഡൽഹി അടക്കം16 സംസ്ഥാനങ്ങൾ 2019 മുതൽ നിയമം നടപ്പാക്കുന്നുണ്ട്.
ഒരു മാസത്തിനകം വീണ്ടും പരീക്ഷ
5, 8 ക്ലാസ് വിദ്യാർത്ഥികൾ വാർഷിക പരീക്ഷയിൽ തോറ്റാൽ അധിക പരിശീലനം നൽകി ഒരു മാസത്തിനുള്ളിൽ മറ്റൊരു പരീക്ഷ നടത്തണം
അപ്പോഴും പരാജയപ്പെട്ടാൽ അവരെ അതേ ക്ലാസിൽ നിലനിറുത്തണം. എന്നാൽ തോൽക്കുന്ന കുട്ടിയെ ക്ളാസ് ടീച്ചർ പ്രത്യേകം നിരീക്ഷിച്ച് കുറവുകൾ തിരുത്തണം
രക്ഷിതാക്കൾക്കും മാർഗനിർദ്ദേശങ്ങൾ നൽകണം. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാകാതെ ഒരു വിദ്യാർത്ഥിയെയും പുറത്താക്കരുത്
ഗുണത്തേക്കാൾ ദോഷം ചെയ്ത ഓൾ പാസ്
പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾ വാർഷിക പരീക്ഷയിൽ തോറ്റാൽ പഠിത്തം തന്നെ നിറുത്തുമെന്ന വാദത്തെ തുടർന്നാണ് 2010ൽ 'നോ-ഡിറ്റൻഷൻ' (തോൽപ്പിക്കാതിരിക്കൽ) നയം നടപ്പാക്കിയത്. എന്നാൽ ഇത് കുട്ടികൾക്ക് ദോഷമാണുണ്ടാക്കിയതെന്ന് പഠനങ്ങളിൽ തെളിഞ്ഞു. ആവശ്യത്തിന് അറിവ് നേടാതെ സ്ഥാനക്കയറ്റം കിട്ടി വരുന്നവർ ഉന്നത വിദ്യാഭ്യാസ തലത്തിൽ പരീക്ഷകളിൽ പരാജയപ്പെടുന്നു. സി.ബി.എസ്.ഇ ഉൾപ്പെടെ ബോർഡ് പരീക്ഷകളിൽ തോൽക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിച്ചു. തുടർന്ന് കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ ഭേദഗതി 2018ൽ ലോക്‌സഭയും 2019ൽ രാജ്യസഭയും പാസാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |