നവംബറില്‍ വിമാന യാത്രക്കാരുടെ എണ്ണം 1.4 കോടി കവിഞ്ഞു
കൊച്ചി: നവംബറില്‍ ഇന്ത്യയിലെ വിമാന യാത്രക്കാരുടെ എണ്ണം റെക്കാഡ് ഉയരമായ 1.4 കോടിയായെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ചരിത്രത്തിലാദ്യമായി ഒരു മാസം ഒരു കോടി യാത്രക്കാരെ നേടി ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് വന്‍നേട്ടമുണ്ടാക്കിയത്. ഇതില്‍ 90 ലക്ഷത്തിലധികം പേര്‍ ആഭ്യന്തര യാത്രികരാണ്. പ്രവര്‍ത്തനം തുടങ്ങി പതിനെട്ട് വര്‍ഷം പിന്നിട്ടതിന് ശേഷമാണ് ഇന്‍ഡിഗോ ഈ റെക്കാഡ് നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലെ 86.4 ലക്ഷം യാത്രക്കാരുടെ റെക്കാഡാണ് പുതുക്കിയത്. ഇതോടെ ഇന്ത്യന്‍ വ്യോമയാന രംഗത്തെ ഇന്‍ഡിഗോയുടെ വിപണി വിഹിതം 63.6 ശതമാനമായി ഉയര്‍ന്നു.
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും സംയുക്തമായി 34.7 ലക്ഷം യാത്രക്കാരെ നേടി. ഇതോടെ എയര്‍ ഇന്ത്യയുടെ വിപണി വിഹിതം 24.4 ശതമാനമായി ഉയര്‍ന്നു. ചരിത്രത്തിലാദ്യമായാണ് എയര്‍ ഇന്ത്യ പ്രതിമാസം മുപ്പത് ലക്ഷത്തിലധികം ആഭ്യന്തര യാത്രികരെ നേടുന്നത്. 6.74 ലക്ഷം യാത്രക്കാരെ നവംബറില്‍ നേടിയ ആകാശ എയറാണ് വിപണി വിഹിതത്തില്‍ മൂന്നാം സ്ഥാനത്ത്.
യാത്രക്കാര്‍ക്ക് ഇന്‍ഡിഗോയുടെ സമ്മാനം
യാത്രക്കാരെ ഞെട്ടിച്ച് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ, ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ജനുവരി 23നും ഏപ്രില്‍ 30നും ഇടയിലുള്ള യാത്രകള്‍ക്കാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. ആഭ്യന്തര യാത്രക്കാര്‍ക്കായി 1,199 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 4,499 രൂപ മുതലാണ് ടിക്കറ്റുകള്‍ ലഭിച്ച് തുടങ്ങുക.
ടിക്കറ്റ് നിരക്കില്‍ ഓഫര്‍ പ്രഖ്യാപിച്ചത് കൂടാതെ പ്രീപെയ്ഡ് അധിക ബാഗേജ് ഓപ്ഷനുകള്‍ (15കിലോ, 20കിലോ, 30കിലോ), സ്റ്റാന്‍ഡേര്‍ഡ് സീറ്റ് സെലക്ഷന്‍, എമര്‍ജന്‍സി XL സീറ്റുകള്‍ എന്നിവ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 6ഇ ആഡ്-ഓണുകളില്‍ ഇന്‍ഡിഗോ 15% വരെ സേവിംഗ്സും ഓഫര്‍ ചെയ്യുന്നുണ്ട്. ഇവ ആഭ്യന്തര യാത്രക്കാര്‍ക്ക് 599 രൂപ മുതലും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 699 രൂപ മുതലും ലഭ്യമാണ്. ഡിസംബര്‍ 25 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |