
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട കാർ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് അന്വേഷണസംഘം. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയുടെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയിലേക്കും അന്വേഷണം നീളും.
സ്‌ഫോടനവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പ്രതികളിൽ ഡോ. ഷഹീൻ സയീദ്, ഡോ. മുജമ്മിൽ ഷക്കീൽ എന്നിവർ അൽ-ഫലാഹ് സർവകലാശാലയിലെ അദ്ധ്യാപകരാണ്. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണിപ്പോൾ സർവകലാശാലയിലേക്കും അതിന്റെ അധികാരതലത്തിലേക്കും കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. സർവകലാശാലയുടെ ഫണ്ടിംഗിനെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രത്യേക അന്വേഷണം നടത്തും.
സിദ്ദിഖി ഉൾപ്പെട്ട വൻ കോർപ്പറേറ്റ് ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 7.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സിദ്ദിഖിയും കൂട്ടാളിയും മൂന്ന് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ആ കേസിനെക്കുറിച്ചും സമാന്തരമായി അന്വേഷിക്കുമെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാൽ, സിദ്ദിഖിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം സർവകലാശാലയുടെ നിയമ ഉപദേഷ്ടാവ് മുഹമ്മദ് റാസി നിഷേധിച്ചു. കൂടാതെ സ്‌ഫോടനക്കേസിലെ പ്രതികളായ ഷക്കീലിന്റെ നിയമനത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും നിയമനം നടത്തുന്നത് വൈസ് ചാൻസലറാണെന്നും റാസി പറഞ്ഞു.
സർവകലാശാലയുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ടിരിക്കുന്ന ഒമ്പത് കമ്പനികളുടെ ബോർഡ് മെമ്പറാണ് സിദ്ദിഖി. വിദ്യാഭ്യാസം, സോഫ്റ്റ്‌വെയർ, സാമ്പത്തിക സേവനങ്ങൾ, ഊർജ്ജം തുടങ്ങിയ മേഖലകളിലാണ് ഈ ഒമ്പത് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. എന്നാൽ അവയിൽ മിക്കതും ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ വിലാസത്തിലാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |