
ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അൽ ഫലാഹ് സർവകലാശാലയിലും അതുമായി ബന്ധപ്പെട്ട വ്യക്തികളുടെ സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ഡൽഹിയിലും ഫരീദാബാദിലുമായി 25 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. സർവകലാശാലയുടെ ഡൽഹിയിലെ ആസ്ഥാനത്തും ട്രസ്റ്റിമാരുടെ മറ്റ് സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
സർവകലാശാലയിലെ സാമ്പത്തിക ക്രമക്കേടുകളും ഇഡി അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പുതിയ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇഡി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒളിവിൽ പോയിരുന്ന സിദ്ദിഖിയെ രഹസ്യ വിവരത്തെ തുടർന്നാണ് ഇഡി ഉദ്യോഗസ്ഥർ വീട്ടിലെത്തി പിടികൂടിയത്.
1992ൽ അൽ ഫലാഹ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ ഡയറക്ടറായ സിദ്ദിഖി പിന്നീട് അൽ ഫലാഹ് എന്ന പേരിൽ ട്രസ്റ്റ് സ്ഥാപിച്ചു. വിദ്യാഭ്യാസം, സോഫ്റ്റ് വെയർ, സാമ്പത്തിക സേവനങ്ങൾ, ഊർജ മേഖലകളിലേക്കും പിന്നീട് ബിസിനസ് വ്യാപിപ്പിച്ചു. ഹലാൽ നിക്ഷേപമെന്ന പേരിൽ ആളുകളെ കബളിപ്പിച്ചതിന് 2000ൽ ഡൽഹി പൊലീസ് ഇയാൾക്കെതിരെ വഞ്ചനാ കേസും രജിസ്റ്റർ ചെയ്തിരുന്നു.
ജെയ്ഷെ മുഹമ്മദുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടർന്ന് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കിയ അൽഫലാഹ് സർവകലാശാലക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഒന്ന് വഞ്ചനയുമായി ബന്ധപ്പെട്ടതാണ്.
രണ്ടാമത്തെ കേസ് വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ടത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡൽഹി സ്ഫോടനക്കേസിലെ ചാവേറായ ഡോ. ഉമർ നബിയടക്കം ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഫരീദാബാദിലെ തീവ്രവാദ മൊഡ്യൂളിൽ ഉൾപ്പെട്ടവർ ജോലി ചെയ്തിരുന്നത് അൽ ഫലാഹ് സർവകലാശാലയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |