റായ്‌പൂർ: മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് സി ആർ പി എഫ് ജവാന് പരിക്ക്. ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിലാണ് സംഭവം. സി ആർ പി എഫിന്റെ 196ാം ബറ്റാലിയൻ സംഘം മഹാദേവ് ഘട്ട് മേഖലയിൽ നടത്തിയ ഓപ്പറേഷനിടെയാണ് സ്‌ഫോടനമുണ്ടായത്.
പട്രോളിംഗിനിടെ സി ആർ പി എഫ് ജവാൻ ഐഇഡിയുടെ മുകളിലൂടെ കടന്നതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ജവാനെ ബിജാപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ നാരായൺപൂർ ജില്ലയിൽ രണ്ടിടങ്ങളിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരു ഗ്രാമീണൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ബിജാപൂരിൽ ജവാന്മാർ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെ മാവോയിസ്റ്റുകൾ സ്‌ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ജവാന്മാർ സഞ്ചരിക്കുകയായിരുന്ന സ്‌കോർപിയോയ്ക്കുനേരെ ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
അന്ന് രാവിലെ അബുജ്‌മദിൽ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സേനാംഗങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഈ ഓപ്പറേഷനുശേഷം ജവാന്മാർ മടങ്ങവേയായിരുന്നു മാവോയിസ്റ്റ് ആക്രമണമുണ്ടായത്. ജില്ലാ റിസർവ് ഗാർഡിലെ എട്ട് ജവാന്മാരും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |