
ഇസ്‌ലാമാബാദ്: ഇന്ത്യ ആരുടെയും വ്യാമോഹത്തിൽ അകപ്പെടരുതെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ സംയുക്ത സേനാ മേധാവി (ചീഫ് ഒഫ് ഡിഫൻസ് ഫോഴ്സസ് - സി ഡി എഫ്) അസിം മുനീർ. പാകിസ്ഥാന്റെ പരമാധികാരത്തെ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഭാവിയിൽ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ അതികഠിനമായിരിക്കും പ്രതികരണമെന്നും അസിം മുനീർ വ്യക്തമാക്കി. കൂടാതെ പാകിസ്ഥാൻ സമാധാനത്തിന്റെ രാഷ്ട്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ആദ്യത്തെ സിഡിഎഫായി നിയമിതനായതിന് പിന്നാലെ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അസിം മുനീർ. വർദ്ധിച്ചുവരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ മൂന്ന് സേനകളും ഏകീകൃത സംവിധാനത്തിനും കീഴിൽ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അസിം മുനീർ പറഞ്ഞു. പാകിസ്ഥാൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബ സിദ്ധു, നാവികസേനാ മേധാവി അഡ്മിറൽ നവീദ് അഷ്റഫ്, മൂന്ന് സായുധ സേനകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഓപ്പറേഷൻ സിന്ദൂർ സമയത്തെ പാകിസ്ഥാൻ സെെന്യത്തിന്റെ പ്രകടനത്തെയും മുനീർ പ്രശംസിച്ചു. ഭാവിയിലെ സംഘർഷങ്ങൾക്കുള്ള ഒരു 'കേസ് സ്റ്റഡി' ആണെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സെെനിക മേധാവി സ്ഥാനത്തിന് പുറമെ രാജ്യത്തിന്റെ ആണവായുധങ്ങളും മിസെെൽ സംവിധാനങ്ങളും കെെകാര്യം ചെയ്യുന്ന നാഷണൽ സ്ട്രാറ്റജിക് കമാൻഡിന്റെ മേൽനോട്ടവും അസിം മുനീറിനാണ്.
കര, നാവിക, വ്യോമസേനകളുടെ പരമോന്നത സൈനിക കമാൻഡറായി മാറിയ മുനീറിന് ആജീവനാന്തം പദവികളും പ്രത്യേകാവകാശങ്ങളും പ്രോസിക്യൂഷനിൽ നിന്ന് പ്രതിരോധവും ലഭിക്കും. ചാരസംഘടനയായ ഐഎസ്‌ഐയുടെ മുൻ തലവനായ മുനീർ 2022ലാണ് കരസേനാ മേധാവിയായത്. കഴിഞ്ഞ മാസമാണ് മുനീറിനെ സംയുക്ത സേനാ മേധാവിയാക്കാനുള്ള ബിൽ പാർലമെന്റിൽ പാസായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |