ബംഗളൂരു: ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ. ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്ന ഡോക്കിംഗ് പരീക്ഷണത്തിന്റെ മൂന്നാം ശ്രമമാണ് വിജയത്തിന് തൊട്ടടുത്ത് എത്തിയിരിക്കുന്നത്. ഉപഗ്രഹങ്ങൾ മൂന്നുമീറ്റർ അകലത്തിലെത്തിച്ചശേഷം വീണ്ടും പതിനഞ്ചുമീറ്ററാക്കുകയായിരുന്നു. വിവരങ്ങൾ ഒന്നുകൂടി പഠിച്ചശേഷമായിരിക്കും അടുത്ത ദൗത്യമെന്നാണ് അധികൃതർ പറയുന്നത്. പരീക്ഷണം പൂർണ വിജയത്തിലെത്തിയാൽ ഇന്ത്യയ്ക്കും ഐഎസ്ആർഒയ്ക്കും അതൊരു ചരിത്ര നേട്ടമാകും. അങ്ങനെയെങ്കിൽ സ്പേസ് ഡോക്കിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.ഡോക്കിംഗ് സാങ്കേതിക ഇന്ത്യ സ്വന്തമായി വികസിപ്പിച്ചതാണ്. ഇതിന് ഭാരതീയ ഡോക്കിംഗ് സിസ്റ്റം എന്ന പേരിൽ പേറ്റന്റും എടുത്തിട്ടുണ്ട്.
ഐഎസ്ആർഒയുടെ ബംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയവും നടത്തിയെന്നാണ് റിപ്പോർട്ട്. ഉപഗ്രഹങ്ങൾ തമ്മിൽ ഏറ്റവും അടുത്ത നിൽക്കുന്ന ദൃശ്യങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടു.
ഇക്കഴിഞ്ഞ ഒമ്പതിന് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം അത് മാറ്റിവയ്ക്കുകയായിരുന്നു. ഉപഗ്രഹങ്ങൾ തമ്മിൽ ദൂരം കുറച്ചുകൊണ്ടുവരുന്നതിന്റെ വേഗം കൂടിയതോടെയാണ് പരീഷണം മാറ്റിവച്ചത്.
476 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന 220 കിലോഗ്രാംവീതം ഭാരമുള്ള ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങളെയാണ് കൂട്ടിച്ചേർക്കുന്നത്.ഡിസംബർ 30നാണ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് ഉപഗ്രഹങ്ങളും വിക്ഷേപിച്ചത്. വിമാനത്തിന്റെ 36 ഇരട്ടി വേഗതയിൽ (മണിക്കൂറിൽ 28,800 കിലോമീറ്റർ) പായുന്ന രണ്ട് ഉപഗ്രഹങ്ങളെയാണ് കൂട്ടിചേർക്കുന്നത്. ഇതുതന്നെയാണ് ദൗത്യത്തിന്റെ പ്രധാന വെല്ലുവിളിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |