SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.04 PM IST

ഐഎസ്ആർഒയുടെ ശിരസിൽ മറ്റൊരു പൊൻതൂവൽ കൂടി, ആർഎൽവിയുടെ മൂന്നാമത്തെ   ലാൻഡിംഗ്  പരീക്ഷണവും   വിജയം

Increase Font Size Decrease Font Size Print Page
isro

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗം സാദ്ധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ ലാൻഡിംഗ് പരീക്ഷണവും വിജയം. ഇത് ഇന്ത്യയുടെ ബഹികാശ ചരിത്രത്തിലെ മറ്റൊരു പൊൻതൂവലും കൂടിയായി. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീ–യൂസബിൾ ലോഞ്ച് വെഹിക്കിൾ, ആർഎൽവി) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു. ഇന്നുരാവിലെ ഏഴുമണിയോടെ കർണാടയിലെ ചിത്രദുർഗ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. എക്സിലൂടെ ഐഎസ്ആർഒയാണ് വിവരം പുറത്തുവിട്ടത്.

വ്യോമസേനയുടെ ചിനുക് ഹെലികോപ്ടറിലാണ് 'പുഷ്പക്' എന്ന് പേരിട്ടിരിക്കുന്ന ആർഎൽവിയെ അന്തരീക്ഷത്തിലേക്ക് ഉയർത്തിയത്. തറനിരപ്പിൽ നിന്ന് നാലരകിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റൺവേയിൽ നിന്ന് നാലുകിലോമീറ്റർ അകലെവച്ചും ആർഎൽവിയെ സ്വതന്ത്രമാക്കി. തുടർന്ന് കൃത്യമായി ദിശ കണ്ടെത്തുകയും സുരക്ഷിതമായി റൺവേയ്ക്ക് സമീപമെത്തി റൺവേ സെൻട്രൽ ലൈനിൽ കൃത്യമായ തിരശ്ചീന ലാൻഡിംഗ് നടത്തുകയുമായിരുന്നു. ലാൻഡിംഗ് വേഗത 320 കിലോമീറ്റർ ആയിരുന്നു. എന്നാൽ, ബ്രേക്ക് പാരച്യൂട്ട് ഉപയോഗിച്ച് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 100 ​​കിലോമീറ്ററായി കുറച്ചു. തുടന്ന് ലാൻഡിംഗ് ഗിയർ ബ്രേക്കുകൾ ഉപയോഗിച്ച് വീണ്ടും വേഗത കുറയ്ക്കുകയായിരുന്നു. സ്വന്തമായി ദിശ കണ്ടെത്താനുള്ള സംവിധാന ഐഎസ്ആർഒ തന്നെ വികസിപ്പിച്ചെടുക്കുകയായിരുന്നു.

ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ – ഒആർവിയെ (ബഹിരാകാശത്തുപോയി തിരിച്ചുവരുന്ന വാഹനം) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ് അടുത്ത ഘട്ടത്തിൽ ഉള്ളത്. ആദ്യതവണമുതൽ ഒരേവാഹനം തന്നെയാണ് ലാൻഡിംഗ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. വീണ്ടും വിക്ഷേപിക്കുന്ന വാഹനം എന്ന പേര് നിലനിറുത്താനാണിത്.

അമേരിക്കയുടെ സ്പേസ് ഷട്ടിലിന് സമാനമായ പുഷ്പകിന് ഒരുഎസ്‌യുവി കാറിന്റെ അത്ര വലിപ്പമാണ് ഉള്ളത്. കഴിഞ്ഞവർഷമായിരുന്നു ആദ്യ പരീക്ഷണം. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു രണ്ടാമത്തെ പരീക്ഷണം. ദൗത്യം വിജയകരമാക്കിയ അംഗങ്ങളെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അഭിനന്ദിച്ചു. ജെ മുത്തുപാണ്ഡ്യനാണ് മിഷൻ ഡയറക്ടർ. ബി കാർത്തികാണ് വെഹിക്കിൾ ഡയറക്ടർ.

TAGS: NEWS 360, NATIONAL, NATIONAL NEWS, ISRO, RLV, EXPERIMENT, SUCCESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY