ന്യൂഡൽഹി: തൃണമൂൽ എം.പി കല്യാൺ ബാനർജി ഉപരാഷ്‌ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ ജഗ്‌ദീപ് ധൻകറിനെ അനുകരിച്ചതും സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ അത് പ്രോത്‌സാഹിപ്പിച്ചതും രാഷ്‌ട്രീയ ആയുധമാക്കി ബി.ജെ.പി.
പാർലമെന്റ് സുരക്ഷാ വീഴ്‌ചയും എം.പിമാരുടെ സസ്‌പെൻഷനും പ്രതിപക്ഷം ചർച്ചയാക്കുന്നതിനെ പ്രതിരോധിക്കാൻ വീണുകിട്ടിയ അവസരമായി മിമിക്രി വിവാദം.
സംഭവം ഉപരാഷ്‌ട്ര പദത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജാട്ട് സമുദായത്തിനും അപമാനമാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ജാട്ട് സംഘടനകൾ കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
പാർലമെന്റിന് വെളിയിൽ പ്രതിപക്ഷം സസ്‌പെൻഷനെതിരെ പ്രതിഷേധിക്കുമ്പോൾ മിമിക്രി വിവാദം കത്തിക്കാൻ ബി.ജെ.പിയും ശ്രമിച്ചു.
ഒരു വ്യക്തിയെന്ന നിലയിൽ കളിയാക്കലിനെ കാര്യമായി കാണുന്നില്ലെന്നും ഉപരാഷ്‌ട്രപദത്തെയും സമുദായത്തെയും കർഷകരെയും അപമാനിക്കുന്നത് സഹിക്കില്ലെന്നും ജഗ്‌ദീപ് ധൻകർ രാജ്യസഭയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിക്കുകയും ചെയ‌്‌തു. 138 വർഷം പഴക്കമുള്ള പാർട്ടിയുടെ സംസ‌്‌കാരമാണോ ഇതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനോട് ചോദിച്ചു. ഇതോടെ ധൻകറിന് പിന്തുണയുമായി ബി.ജെ.പി എം.പിമാർ മുദ്രാവാക്യം വിളിച്ചു.
വേദനയുണ്ട്: മോദി
20 വർഷമായി താൻ ഇത്തരം അപമാനങ്ങൾ ഏറ്റുവാങ്ങുകയാണെന്ന് ധൻകറിനെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എന്നാൽ ഭരണഘടനാ പദവിലുള്ള ഒരാൾക്കെതിരെ പാർലമെന്റ് വളപ്പിൽ അതു സംഭവിച്ചതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ തന്റെ കടമ നിർവഹിക്കാൻ തടസമാകില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി ധൻകർ പറഞ്ഞു.
മിമിക്രി ഒരു കലയാണെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കല്യാൺ ബാനർജി പ്രതികരിച്ചു. പ്രധാനമന്ത്രി മോദി പാർലമെന്റിനുള്ളിൽ പ്രതിപക്ഷ നേതാക്കളെ അനുകരിക്കുന്നതും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |