ന്യൂഡൽഹി: ബുധനാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ജാർഖണ്ഡിൽ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ മുന്നണികൾ ജീവന്മരണ പോരാട്ടത്തിൽ. ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെ.എം.എം) ഭരണം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെയാണ് താരപ്രചാരകനായി ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. ഇന്ന് റാഞ്ചി, ബൊക്കാറോ, ഗുംല എന്നിവിടങ്ങളിൽ മോദി റോഡ്ഷോ നടത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യും.
ഭരണം നിലനിറുത്താൻ 'ഇന്ത്യ" മുന്നണിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ എന്നിവരാണ് താരപ്രചാരകർ. ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറനും ആർ.ജെ.ഡി നേതാവും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും പ്രചാരണപരിപാടികളിൽ സജീവമാണ്. ജാർഖണ്ഡിലെ ആകെയുള്ള 81 നിയമസഭാ സീറ്റുകളിൽ 43 ഇടത്താണ് 13ന് വോട്ടെടുപ്പ്. രണ്ടാംഘട്ടം 20ന്. 23ന് വോട്ടെണ്ണും.
മഹാരാഷ്ട്രയിലും പ്രചാരണം ശക്തം
വിദർഭ മേഖലയിലെ അകോലയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവികാസ് അഖാഡി സഖ്യത്തെ കടന്നാക്രമിച്ചു. അഴിമതിക്കായി നിലകൊള്ളുന്ന സഖ്യമാണെന്ന് മോദി ആരോപിച്ചു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കർണാടകയിലെ മദ്യവ്യാപാരികളിൽ നിന്ന് 700 കോടി രൂപ കോൺഗ്രസ് പിരിച്ചെടുത്തെന്നും ആക്ഷേപിച്ചു. കോൺഗ്രസ് വിഭജന രാഷ്ട്രീയം കളിക്കുന്നു. 'ഏക് ഹേ തോ സേഫ് ഹേ" എന്ന മുദ്രാവാക്യവുമുയർത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്രാനാണ് ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. 20ന് ഒറ്റഘട്ടമായാണ് 288 നിയമസഭാ സീറ്റുകളിലെയും വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |