ലക്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ മരണപ്പെട്ട 8000ത്തിലേറെ പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ പണം എത്തുന്നതായി റിപ്പോർട്ട്. വാർദ്ധക്യ പെൻഷനാണ് അനധികൃതമായി ഈ അക്കൗണ്ടുകളിലേക്ക് എത്തുന്നതെന്നാണ് വിവരം.
ജീവനോടെയില്ലാത്ത 8,119പേർക്കും അനർഹരായ 21പേർക്കും പെൻഷൻ പണം ലഭിക്കുന്നുണ്ടെന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് തലം മുതൽ ബ്ലോക്ക് പഞ്ചായത്ത് തലം വരെ ഈ ക്രമക്കേടുകൾ ശ്രദ്ധിക്കപ്പെടാതെ പോയെന്നും റിപ്പോർട്ടുണ്ട്.
മൊറാദാബാദ് ഡിവിഷനിൽ രണ്ടുലക്ഷത്തിലധികം പേരാണ് സംസ്ഥാന സർക്കാരിന്റെ വാർദ്ധക്യ പെൻഷൻ ആനുകൂല്യം കൈപ്പറ്റുന്നത്. ബിജ്‌നോർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പെൻഷൻ ഗുണഭോക്താക്കൾ ഉള്ളത്. 49,147പേരാണ് ഇവിടെ പെൻഷൻ വാങ്ങുന്നത്. സാംഭലിലാണ് ഏറ്റവും കുറവ് ഗുണഭോക്താക്കളുള്ളത്. 23,372പേരാണ് സാംഭൽ ജില്ലയിൽ പെൻഷൻ വാങ്ങുന്നത്.
അടുത്തിടെ നടത്തിയ പരിശോധനയിൽ 2,03,741 വയോജനങ്ങൾ പെൻഷന് അർഹരാണെന്ന് കണ്ടെത്തി. ഇതിനിടെയാണ് മരണപ്പെട്ട 8,119പേർക്കും അനർഹരായ 21പേർക്കും പെൻഷൻ ലഭിക്കുന്നുണ്ടെന്ന് വ്യക്തമായത്. അർഹരായ പെൻഷൻ ഗുണഭോക്താക്കളുടെ വിവരവും അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അർഹരായവർക്ക് പെൻഷൻ തുക വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അനർഹർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വികസന ബ്ലോക്കുകളിലെ എഡിഒ സോഷ്യൽ വെൽഫയർ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |