കൊച്ചി: നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ തുടർച്ചയായ ആറാംതവണയും റിസർവ് ബാങ്ക് റിപ്പോനിരക്ക് കൂട്ടി. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്‌പയുടെ പലിശയായ റിപ്പോ 0.25 ശതമാനം ഉയർത്തി 6.50 ശതമാനമാക്കി.
മേയിൽ 0.40 ശതമാനവും ജൂണിലും ആഗസ്‌റ്റിലും ഒക്‌ടോബറിലും 0.50 ശതമാനം വീതവും ഡിസംബറിൽ 0.35 ശതമാനവും കൂട്ടിയിരുന്നു.
നാണയപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യം. നിലവിൽ 5.72 ശതമാനമാണിത്. 2022 സെപ്തംബറിൽ ഇത് എട്ടുവർഷത്തെ ഉയരമായ 7.41 ശതമാനത്തിലെത്തിയിരുന്നു.
ഇ.എം.ഐ മേലോട്ട്
ഭവന, വാഹന, വ്യക്തിഗത, കാർഷിക, മൂലധന, വിദ്യാഭ്യാസ വായ്‌പകളുടെ തിരിച്ചടവ് (ഇ.എം.ഐ) വർദ്ധിക്കും. ഫിക്‌സഡ് (സ്ഥിര) പലിശനിരക്കിൽ വായ്‌പയെടുത്തവർക്ക് ബാധകമല്ല.
പലിശവർദ്ധനയുടെ ഭാരം
(എസ്.ബി.ഐയുടെ ഭവന വായ്‌പ. കഴിഞ്ഞ മേയ് മാസിനു മുമ്പത്തെയും പുതുക്കിയ റിപ്പോ പ്രകാരവുമുള്ള ഇ.എം.ഐ താരതമ്യം)
(മേയ്ക്ക് മുമ്പ്)
വായ്‌പ : ₹25 ലക്ഷം
കാലാവധി : 20 വർഷം
പലിശനിരക്ക് : 6.8%
ഇ.എം.ഐ : ₹19,083
പലിശബാദ്ധ്യത : ₹20,80,037
ആകെ തിരിച്ചടവ് : ₹45,80,037
(പുതുക്കിയ റിപ്പോ പ്രകാരം)
പുതുക്കിയ പലിശ : 9.30%
പുതിയ ഇ.എം.ഐ : ₹22,978
ഇ.എം.ഐ വർദ്ധന : ₹3,895
പലിശബാദ്ധ്യത : ₹30,14,659
ആകെ തിരിച്ചടവ് : ₹55,14,659
(വായ്‌പയെടുത്തയാൾ അധികമായി ബാങ്കിലേക്ക് തിരിച്ചടയ്ക്കേണ്ടിവരുന്നത് 10 ലക്ഷത്തോളം രൂപ)
എഫ്.ഡിയിൽ നേട്ടം
ചെറിയതോതിൽ ബാങ്കുകൾ സ്ഥിരനിക്ഷേപ (എഫ്.ഡി) പലിശയും കൂട്ടും. കഴിഞ്ഞ ഏപ്രിലിൽ ശരാശരി എഫ്.ഡി പലിശ 5-5.6 ശതമാനമായിരുന്നത് ഇപ്പോൾ 6-7.25 ശതമാനമാണ്. ഇത് ഇനിയും ഉയരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |