ന്യൂഡൽഹി: ഇന്ത്യ - പാക് സംഘർഷം കനക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ താൽക്കാലികമായി നിറുത്തിവച്ചതായി റിപ്പോർട്ട്. നേരത്തേ, മത്സരങ്ങൾ തുടരണോ എന്ന കാര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്‌ത ശേഷം തീരുമാനമെടുക്കുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ വ്യക്തമാക്കിയിരുന്നു.
ഇന്നലെ ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നടന്ന പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം സുരക്ഷാ പ്രശ്നങ്ങൾ കാരണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇന്ത്യൻ നഗരങ്ങൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തെത്തുടർന്ന് സൈറൺ മുഴങ്ങിയതോടെ സ്റ്റേഡിയത്തിൽ വൈദ്യുതി വിച്ഛേദിച്ചു. ഇതോടെയാണ് മത്സരങ്ങൾ നിർത്തിവച്ചത്.
ഐപിഎൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ അധികം വൈകാതെ തന്നെ തീരുമാനമെടുക്കുമെന്നാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നേരത്തേ വ്യക്തമായിരുന്നു. കളിക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യം നൽകുന്നത്. കേന്ദ്ര സർക്കാരിൽ നിന്ന് ഇതുവരെ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഘർഷത്തിന് പിന്നാലെ രാജ്യത്തെ പല വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇതും ഐപിഎൽ മത്സരം തുടരുന്നതിന് ബുദ്ധിമുട്ടാകും.
കഴിഞ്ഞദിവസം റാവൽ പിണ്ടിയിൽ സ്റ്റേഡിയത്തിന് പുറത്തുണ്ടായ സ്ഫോടനത്തെതുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ വേദിമാറ്റാൻ പാക് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സ്ഫോടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |