SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.16 PM IST

പുൽവാമ: കേന്ദ്രത്തെ സമ്മർദ്ദത്തിലാക്കാൻ പ്രതിപക്ഷം

satyapal

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പുൽവാമയിൽ 2019ൽ നടന്ന ഭീകരാക്രമണം സുരക്ഷാ വീഴ്‌ചയുടെ ഫലമാണെന്ന മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രം മെനഞ്ഞ് പ്രതിപക്ഷം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പ്രതിപക്ഷ നേതാക്കൾ സംയുക്തമായി രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം നൽകാനും ആലോചിക്കുന്നു. അതേസമയം ബി.ജെ.പിയും കേന്ദ്രസർക്കാരും വിഷയത്തിൽ വലിയ പ്രതികരണം നടത്താതെ തന്ത്രപരമായ നിലപാട് തുടരുകയാണ്.

ധവളപത്രം ഇറക്കണം

പുൽവാമ ഭീകരാക്രമണം ഇന്റലിജൻസ് പിഴവിനെ തുടർന്നാണെന്ന സത്യപാൽ മാലിക്കിന്റെ ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ കേന്ദ്രസർക്കാർ 'ധവളപത്രം' ഇറക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 2019 ജനുവരി രണ്ടിനും 2019 ഫെബ്രുവരി 13നും ഇടയിൽ ഭീകരാക്രമണം നടക്കുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ കേണൽ (റിട്ട) രോഹിത് ചൗധരിയും (റിട്ട) വിംഗ് കമാൻഡർ (റിട്ട) അനുമ ആചാര്യയും ചോദിച്ചു.
അനന്ത്നാഗ്-അവന്തിപോറ ബെൽറ്റിൽ കനത്ത സുരക്ഷാ സാന്നിധ്യമുണ്ടായിട്ടും 300 കിലോയോളം സ്‌ഫോടകവസ്തുക്കൾ ഭീകരർക്ക് എങ്ങനെ കിട്ടിയെന്നും അത് എന്തുകൊണ്ട് പരിശോധനയിൽ കണ്ടെത്തിയില്ലെന്നും വെളിപ്പെടണമെന്ന് അവർ പറഞ്ഞു. ആക്രമണം നടന്ന് നാല് വർഷത്തിന് ശേഷം, അന്വേഷണം എത്രത്തോളം പുരോഗമിച്ചുവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. അന്വേഷണം പൂർത്തിയാക്കാനും കണ്ടെത്തലുകൾ രാജ്യത്തെ അറിയിക്കാനും കാലതാമസം എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.

പാക് അതിർത്തിയോട് ചേർന്ന മേഖലയിൽ 78 വാഹനങ്ങളിലായി 2500 ജവാൻമാർ റോഡ് മാർഗം സഞ്ചരിക്കാൻ പാടില്ലായിരുന്നുവെന്ന് മുൻ കരസേനാമേധാവി ജനറൽ ശങ്കർ റോയ് ചൗധരിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനും അതിന് നേതൃത്വം വഹിക്കുന്ന പ്രധാനമന്ത്രിക്കുമാണ് ഉത്തരവാദിത്വമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു കാശ്മീരിലെ പുൽവാമയിൽ 2019ൽ നടന്ന ഭീകരാക്രമണം സുരക്ഷാ വീഴ്‌ചയുടെ ഫലമാണെന്ന മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതായതിനാൽ കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകണമെന്നാണ് എല്ലാ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെടുന്നത്.

അവസരം മുതലെടുത്ത് പാകിസ്ഥാൻ

സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ പുൽവാമ അപകടവുമായി ബന്ധപ്പെട്ട് തങ്ങൾ പ്രകടിപ്പിച്ച സംശയങ്ങൾ ബലപ്പെടുത്തുന്നതാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാഷ്‌ട്രീയ മുതലെടുപ്പിനായി പാകിസ്ഥാനെ ഭീകര രാജ്യമായി ചിത്രീകരിക്കാനുള്ള ഇന്ത്യയുടെ പതിവ് രീതിയാണ് പുൽവാമ സംഭവത്തിലും കണ്ടത്. പുതിയ വെളിപ്പെടുത്തലുകൾ അന്താരാഷ്ട്ര സമൂഹത്തിനുള്ള തെളിവാണെന്നും ഇന്ത്യ മറുപടി നൽകണമെന്നും പാകിസ്ഥാൻ പറഞ്ഞു.

റോഡ് മാർഗം സൈനികർ പോകുന്നത് സുരക്ഷിതമല്ലാത്തതിനാൽ സി.ആർ.പി.എഫ് വിമാനം ആവശ്യപ്പെട്ടെങ്കിലും പ്രതിരോധ മന്ത്രാലയം അനുവദിച്ചില്ലെന്നായിരുന്നു സത്യപാൽ മാലിക്കിന്റെ പ്രധാന വെളിപ്പെടുത്തൽ. വിമാനം അനുവദിച്ചിരുന്നെങ്കിൽ ഭീകരാക്രമണം ഒഴിവാക്കാമായിരുന്നുവെന്ന് പറഞ്ഞപ്പോൾ മിണ്ടാതിരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും അദ്ദേഹം ഓൺലൈൻ മാദ്ധ്യമത്തിന്റെ അഭിമുഖത്തിൽ പറഞ്ഞു. 300 കിലോ സ്‌ഫോടക വസ്‌തുക്കൾ നിറച്ച ചാവേർ വാഹനം പന്ത്രണ്ട് ദിവസത്തോളം കാശ്‌മീരിൽ ചുറ്റിത്തിരിഞ്ഞിട്ടും കണ്ടെത്താനായില്ലെന്നാണ് മറ്റൊരു ആരോപണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.