ന്യൂഡൽഹി: നാഗ്പൂരിൽ നിന്ന് മുംബയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയെ തേൾ കുത്തി. ഏപ്രിൽ 23ന് നടന്ന സംഭവം ഇന്നലെയാണ് പുറത്തുവന്നത്. സംഭവം സ്ഥിരീകരിച്ച എയർ ഇന്ത്യ യാത്രക്കാരിക്ക് ചികിത്സ നൽകിയെന്നും അപകടനില തരണം ചെയ്തെന്നും അറിയിച്ചു. വിമാനത്തിനുള്ളിൽ ജീവനുള്ള പക്ഷികളെയും എലികളെയും കണ്ടെത്തിയിട്ടുണ്ടെങ്കിലും യാത്രക്കാരെ തേൾ കുത്തുന്നത് ആദ്യമാണ്.
നാഗ്‌പൂർ-മുംബയ് എ.ഐ 630 വിമാനത്തിലെ യാത്രക്കാരിയെ തേൾ കുത്തിയ അപൂർവവും നിർഭാഗ്യകരവുമായ സംഭവമുണ്ടായെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനത്താവളത്തിൽ വച്ച് ഡോക്‌ടറെ കാണിച്ച ശേഷമാണ് ആശുപത്രിയിൽ ചികിത്സ നൽകിയത്. ഡിസ്ചാർജ് ചെയ്യുന്നതുവരെ എല്ലാ സഹായവും ഉറപ്പാക്കിയെന്നും യാത്രക്കാരന് ഉണ്ടായ വേദനയിലും അസൗകര്യത്തിലും ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു.
യാത്രക്കാരിയുടെ പരാതിയെ തുടർന്ന് എൻജിനിയറിംഗ് സംഘം നടത്തിയ പരിശോധനയിൽ തേളിനെ കണ്ടെത്തി. തുടർന്ന് വിമാനത്തിൽ കീടങ്ങളെ ഒഴിവാക്കാനുള്ള ഫ്യൂമിഗേഷൻ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |