ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ജഗ്‌ദീഷ് ടൈറ്റ്ലറിനെതിരെ ഡൽഹി പ്രത്യേക കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകർ വധിച്ചതിന് ശേഷം സിഖുകാർക്കെതിരെ വ്യാപക അക്രമങ്ങളുണ്ടായി. ഡൽഹി പുൽ ബംഗഷ് മേഖലയിൽ താക്കൂർ സിംഗ്, ബാദൽ സിംഗ്, ഗുരു ചരൺ സിംഗ് എന്നിവർ കൊല്ലപ്പെടുകയും ഗുരുദ്വാര കത്തിക്കുകയും ചെയ്തു. അന്ന് പുൽ ബംഗഷ് പ്രദേശത്തെ ജനക്കൂട്ടത്തെ ടൈറ്റ്ലർ അക്രമത്തിന് പ്രകോപിപ്പിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഐ.പി.സി പ്രകാരം കലാപം, കൊലപാതകം തുടങ്ങിയ കുറ്രങ്ങൾ ചുമത്തിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ടുള്ള ടൈറ്റ്ലറിന്റെ ശബ്ദ രേഖ ഏജൻസി ശേഖരിച്ചു. കലാപം അന്വേഷിച്ച നാനാവതി കമ്മിഷൻ റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ പേരുണ്ട്. അതേസമയം, തനിക്കെതിരെ തെളിവുകളില്ലെന്ന് പ്രതികരിച്ച ടൈറ്റ്ലർ അങ്ങനെയുണ്ടെങ്കിൽ തൂക്കിലേറാൻ തയ്യാറാണെന്നും പറഞ്ഞു. ടൈറ്റ്ലറിന് മൂന്ന് തവണ സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. എങ്കിലും ഈ വിഷയം തുടർന്നും അന്വേഷിക്കാൻ കോടതി ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു. 2004ൽ മൻമോഹൻ സിംഗ് സർക്കാരിൽ മന്ത്രിയായിരുന്ന ടൈറ്റ്ലറിന് പ്രതിഷേധത്തെത്തുടർന്ന് രാജി വയ്ക്കേണ്ടിവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |