ന്യൂഡൽഹി: നാളെ പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ സ്ത്രീകളുടെ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും അതീവ ജാഗ്രത പുലർത്തി ഡൽഹി പൊലീസ്. അതിർത്തി പ്രദേശങ്ങൾ അടച്ചിടുന്ന നടപടിയിലേക്ക് പൊലീസ് കടന്നേക്കും. ജന്തർ മന്ദറിൽ സമരം തുടരുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ചാണ് വനിത കർഷകരടക്കമുള്ളവരുടെ മഹാപഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ലൈംഗിക പീഡന ആരോപണങ്ങളിൽ ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം തന്നെ മഹാപഞ്ചായത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഡൽഹി പൊലീസ് അതീവ ജാഗ്രതയിലാണ്. സിംഗു, തിക്രി, ഗാസിപൂർ, ദിൽഷാദ് ഗാർഡൻ, ബദർപൂർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി.
സ്ത്രീകളുടെ മഹാപഞ്ചായത്തിന് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടില്ല. പാർലമെന്റിന് പരിസരത്തേക്ക് പ്രതിഷേധക്കാരെ കടത്തിവിടില്ലെന്നാണ് നിലപാട്. ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേക്കുളള എല്ലാ പാതകളും അടയ്‌ക്കും. കൂടുതൽ വനിത സേനാംഗങ്ങളെ നിയോഗിച്ച് മേഖലയിലെ സന്നാഹം വർദ്ധിപ്പിക്കും. കേന്ദ്ര സേനയേയും കൂടുതലായി വിന്യസിക്കും. ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കർഷകർ ധാരാളമായി ഡൽഹിയിലേക്ക് എത്തുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഡൽഹിയിൽ മറ്രെവിടെയെങ്കിലും മഹാപഞ്ചായത്ത് അനുവദിക്കാൻ കഴിയുമോയെന്നതിൽ സമരക്കാരും പൊലീസുമായി ചർച്ച തുടരുകയാണ്.
സമരത്തിന് രാജ്യാന്തര പിന്തുണ
ജന്തർ മന്ദറിലെ ഗുസ്‌തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി രാജ്യാന്തര ഗുസ്‌തി താരം റിസാകോ കവായ് രംഗത്തെത്തി. മൂന്നുതവണ ലോക ചാംപ്യനും, ടോക്കിയോ ഒളിംപിക്‌സ് സ്വർണമെഡൽ ജേതാവുമാണ് ജാപ്പനീസ് താരം റിസാകോ കവായ്. സമരം സംബന്ധിച്ച ബി.ബി.സി വാർത്ത താരം ട്വീറ്ററിൽ പങ്കുവച്ചു.
ഖലിസ്ഥാൻ ആരോപണം ഉന്നയിച്ച് ബ്രിജ് ഭൂഷൺ
ഗുസ്‌തി താരങ്ങളുടെ സമരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ മുദ്രാവാക്യം ഉയർന്നുവെന്ന് ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ് ആരോപിച്ചു. സമരം പഞ്ചാബിലേക്കും ഖലിസ്ഥാനിലേക്കുമാണ് നീങ്ങുന്നതെന്നും കൂട്ടിച്ചേർത്തു.
റിപ്പോർട്ട് തേടി കോടതി
ബ്രിജ് ഭൂഷണെതിരെയുളള എഫ്.ഐ.ആറുകളിലെ അന്വേഷണം സംബന്ധിച്ച് ഡൽഹി പട്യാല ഹൗസ് കോടതി ഡൽഹി പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി. ജൂലായ് ഒൻപതിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ബ്രിജ് ഭൂഷണെതിരെ ഗുസ്‌തി താരങ്ങൾ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ആരോപിച്ച് അടൽ ജൻശക്തി പാർട്ടി നേതാവ് ബംബം മഹാരാജ് നൗഹാട്ടിയ സമർപ്പിച്ച ഹർജിയിലാണ് നടപടി. ആരോഗ്യദൃഢഗാത്രരായ താരങ്ങളുടെ നേർക്ക് 66 വയസുള്ള ബ്രിജ് ഭൂഷൺ ലൈംഗിക അതിക്രമം നടത്തിയെന്നത് വിശ്വസിക്കാൻ കഴിയാത്ത കാര്യമാണെന്നാണ് ഹർജിക്കാരന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |