ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിനെ കനേഡിയൻ മണ്ണിൽ വധിച്ചതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയിൽ വഷളായി ഇന്ത്യ-കാനഡ ബന്ധം. ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇതിനു പിന്നാലെ അവരുടെ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇതോടെ ട്രൂഡോ നിലപാട് മയപ്പെടുത്തി. ഇന്ത്യയെ പ്രകോപിപ്പിക്കാനല്ല ശ്രമമെന്നും പ്രശ്നം രൂക്ഷമാക്കാനല്ല ഉദ്ദേശ്യമെന്നും പിന്നീട് തിരുത്തി.
ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന പവൻകുമാർ റായിയെയാണ് കാനഡ പുറത്താക്കിയത്. ന്യൂഡൽഹിയിലെ കനേഡിയൻ ഇന്റലിജൻസിന്റെ മേധാവി ഒലിവിയർ സിൽവസ്റ്ററോട് അഞ്ചു ദിവസത്തിനകം രാജ്യം വിടാൻ ഇന്ത്യയും ആവശ്യപ്പെട്ടു. ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇടപെടുന്നുവെന്നും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യയിലെ കനേഡിയൻ ഹൈകമ്മിഷണർ കാമറോൺ മക്കേയെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വിളിച്ചുവരുത്തി ട്രൂഡോയുടെ പ്രസ്താവനയോടുള്ള എതിർപ്പ് കടുത്ത ഭാഷയിൽ അറിയിച്ചു. ആരോപണങ്ങൾ അസംബന്ധവും കെട്ടിച്ചമച്ചതാണെന്നും മന്ത്രാലയം വ്യക്തമാക്കി. പുറത്താക്കൽ നടപടി എന്തിനെന്നും വിശദീകരിച്ചു.
അതേസമയം, ഇപ്പോഴത്തെ സ്ഥിതി ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ - വ്യാപാര ബന്ധത്തെ അടക്കം ബാധിക്കുമെന്ന് ആശങ്ക ഉയർന്നു. ഇതിനിടെ, ഡൽഹിയിലെ കാനഡ ഹൈക്കമ്മിഷൻ മന്ദിരത്തിന് സുരക്ഷ വർദ്ധിപ്പിച്ചു.
ആരോപണവുമായി ട്രൂഡോ
കാനഡ പൗരൻ കൂടിയായ ഹർദീപ് സിംഗ് നിജ്ജറിനെ കാനഡയിലെ സുറേയിൽ ഗുരു നാനാക് സിഖ് ഗുരുദ്വാരയ്ക്ക് മുന്നിൽ വെടിവച്ചു കൊന്നതിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ തിങ്കളാഴ്ച്ച പ്രസ്താവന നടത്തിയിരുന്നു. കനേഡിൻ മണ്ണിൽ കനേഡിയൻ പൗരനെ വധിക്കുന്നതിൽ ഏത് വിദേശ രാജ്യത്തിന് പങ്കുണ്ടായാലും അത് അംഗീകരിക്കാൻ കഴിയില്ല. കാനഡയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം അസ്വീകാര്യമാണ്, ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെങ്കിൽ അംഗീകരിക്കാൻ കഴിയില്ല. ജി 20 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. അന്വേഷണത്തിൽ സഹകരണവും മോദിയോട് ആവശ്യപ്പെട്ടിരുന്നു.
ശക്തമായ സന്ദേശം നൽകി ഇന്ത്യ
ഖലിസ്ഥാൻ ഭീകരന്റെ വധത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളി. കനേഡിയൻ പ്രധാനമന്ത്രി, ഇന്ത്യൻ പ്രധാനമന്ത്രിയോട് ഉന്നയിച്ച ആശങ്കകളും ആരോപണങ്ങളും തള്ളിയിരുന്നുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നിയമവാഴ്ച്ചയോട് ശക്തമായ പ്രതിബദ്ധതയുള്ള ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ
ഇന്ത്യയ്ക്ക് നേരേ ആരോപണമുന്നയിക്കാതെ സ്വന്തം അതിർത്തിക്കകത്തെ ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകൾക്കെതിരെ കാനഡ നടപടിയെടുക്കണം
ഖലിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്ന വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ഭീഷണിപ്പെടുത്തുന്നത് ഭീകരഗ്രൂപ്പുകൾ തുടരുന്നു
കനേഡിയൻ സർക്കാർ പുലർത്തുന്ന നിഷ്ക്രിയത്വം ഇന്ത്യയുടെ ആശങ്കയാണ്
ഇന്ത്യാ വിരുദ്ധ ശക്തികൾക്കെതിരെ ഫലപ്രദമായ നിയമ നടപടി സ്വീകരിക്കാൻ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു
കാനഡയിലെ രാഷ്ട്രീയ നേതാക്കൾ പോലും ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകളോട് സഹതാപം പ്രകടിപ്പിക്കുന്നു
കൊലപാതകം, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയവയ്ക്ക് കാനഡയിൽ ഇടമുള്ളത് പുതിയ കാര്യമല്ല
അത്തരം സംഭവങ്ങൾ ഇന്ത്യയ്ക്ക് മേൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തെ രാജ്യം തള്ളിക്കളയുന്നു
ക്ഷോഭിച്ച മുഖവുമായി കനേഡിയൻ ഹൈകമ്മീഷണർ
വിദേശകാര്യമന്ത്രാലയവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ക്ഷോഭത്തോടെയാണ് ഇന്ത്യയിലെ കനേഡിയൻ ഹൈകമ്മിഷണർ കാമറോൺ മക്കേ മടങ്ങിയത്. മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങളുന്നയിച്ചപ്പോൾ ദേഷ്യത്തോടെ കാറിന്റെ ഡോർ വലിച്ചടച്ചു.
ഫോട്ടോ ക്യാപ്ഷൻ: വിദേശകാര്യ മന്ത്രാലയവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇന്ത്യയിലെ കനേഡിയൻ ഹൈകമ്മിഷണർ കാമറോൺ മക്കേ മടങ്ങിയപ്പോൾ. മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങളുന്നയിച്ചപ്പോൾ ക്ഷോഭത്തോടെ കാറിന്റെ ഡോർ വലിച്ചടച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |