ജയ്‌പൂർ: കനത്ത മഴ തുടരുന്ന ഗുജറാത്തിൽ നഗരങ്ങളുൾപ്പെടെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷം. എട്ട് ജില്ലകളിൽ നിന്നായി 12,500 പേരെ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ കുടുങ്ങിയ 617 പേരെ രക്ഷപ്പെടുത്തി. ബറൂച്ച് ജില്ലയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട 54 പേരെയും കൃഷിയിടത്തിൽപ്പെട്ടുപോയവരെയും രക്ഷപ്പെടുത്തിയതായി എൻ.ഡി.ആർ.എഫ് അറിയിച്ചു.
അതേസമയം, നർമ്മദ നദിയിലുൾപ്പെടെ ജലനിരപ്പ് കുറഞ്ഞത് ആശ്വാസമായി. എന്നാൽ സർദാർ സരോവർ ഡാം അണക്കെട്ട് വെള്ളം നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. കനാൽ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ വെള്ളം ഒഴുക്കിവിടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇന്നലെയോടെ 5.19 ലക്ഷം ക്യുസെക്സ് വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. കുറച്ചു മണിക്കൂറുകൾ കൂടി ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കച്ച്, മോർബി, ജാംനഗർ തുടങ്ങിയ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കർജൻ അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. 14 അണക്കെട്ടുകൾ അതീവ ജാഗ്രതയിലാണ്. വടക്കൻ-മദ്ധ്യ ഗുജറാത്തിലാണ് വെള്ളപ്പൊക്കം ഏറെ ബാധിച്ചത്.
രാജസ്ഥാനിലും കനത്ത മഴയാണ്. ഇതോടൊപ്പം ശക്തി കൂടിയ ഇടിമിന്നലുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്രിനും സാദ്ധ്യതയുണ്ടെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പത്തായതായി അധികൃതർ അറിയിച്ചു. ബൻസ്വാര ജില്ലയിൽ എട്ട് പേരും ബിക്കാനീർ, ഉദയ്‌പൂർ എന്നിവിടങ്ങളിൽ ഒരോ മരണവും റിപ്പോർട്ട് ചെയ്തു. ഇന്നലെയും പ്രദേശങ്ങളിൽ കനത്ത മഴ പെയ്‌തു. മദ്ധ്യപ്രദേശിൽ മഴ തുടരുമെങ്കിലും ശക്തമാകാനുള്ള സാദ്ധ്യതയില്ല. ന്യൂനമർദ്ദത്തെത്തുടർന്ന് ജാർഖണ്ഡിൽ ചില പ്രദേശങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ഒഡീഷയുടെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാദ്ധ്യത. ജഗത്സിംഗ്പൂരിൽ ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് ഒരു കുടുംബത്തെ രക്ഷിച്ചു. അസാം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര എന്നിവിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |