
ന്യൂഡൽഹി: ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന അംഗരാജ്യങ്ങളിലെ പാർലമെന്റ് സ്‌പീക്കർമാരുടെ ഉച്ചകോടി (പി 20)ഇന്ന് ഡൽഹിയിൽ തുടങ്ങും. ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 11ന് നിർവഹിക്കും. നയതന്ത്ര തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ കാനഡയുടെ പ്രതിനിധി ഉച്ചകോടിയിൽ പങ്കെടുക്കില്ല.
ഡൽഹി അതിർത്തിയിലെ യശോഭൂമി ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിൽ നടക്കുന്ന ഉച്ചകോടിയിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സുസ്ഥിര ഊർജ്ജ സംക്രമണം, സ്‌ത്രീകൾ നയിക്കുന്ന വികസനം, ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾ വഴിയുള്ള ജീവിത പരിവർത്തനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ഡൽഹി ജി 20 ഉച്ചകോടിയിൽ അംഗത്വം ലഭിച്ച ആഫ്രിക്കൻ യൂണിയനെ പ്രതിനിധീകരിച്ച് പാൻ ആഫ്രിക്കൻ പാർലമെന്റ് പ്രസിഡന്റ് അടക്കം അംഗരാജ്യങ്ങളിലെ സ്‌പീക്കർമാരും ക്ഷണിക്കപ്പെട്ട രാജ്യങ്ങളും പങ്കെടുക്കും.
കാലാവസ്ഥാ വ്യതിയാനവും ആഘാതവും മനുഷ്യരാശിയുടെ ഭാവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന പരിസ്ഥിതിക്കുള്ള ജീവിതശൈലി എന്ന ചർച്ചയിൽ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാൻ നയങ്ങൾക്കും നിയമങ്ങൾക്കും ഉപരിയായി ജീവിത ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. പരിസ്ഥിതിക്കുള്ള ജീവിതശൈലി എന്ന വിഷയം എല്ലാ പാർലമെന്റുകളിലും ചർച്ച ചെയ്യാനും ഓം ബിർള അഭ്യർത്ഥിച്ചു. രാജ്യസഭ ഉപാദ്ധ്യക്ഷൻ ഹരിവംശ്, ഇന്ത്യയുടെ ജി 20 ഷെർപ്പ അമിതാബ് കാന്ത്, ജി 20 പാർലമെന്ററി സ്‌പീക്കർമാർ തുടങ്ങിയവരും സംസാരിച്ചു.
കാനഡയില്ല
കനേഡിയൻ സെനറ്റ് സ്‌പീക്കർ റെയ്‌മണ്ട് ഗാഗ്‌നെ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അതേസമയം വിട്ടു നിൽക്കുന്നതിന്റെ കാരണം കാനഡ വ്യക്തമാക്കിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |