SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.17 PM IST

ലോക്‌സഭാ തിര. പ്രചാരണം ഇന്ന് കലാശക്കൊട്ട്

Increase Font Size Decrease Font Size Print Page
k

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്ന് അവസാന ലാപ്പിലേക്ക്. ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി അടക്കം ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 57 പാർലമെന്റ് മണ്ഡലങ്ങളിലേക്കുള്ള പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും. മോദി അടക്കം 904 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്.

ഉത്തർപ്രദേശിലെയും പഞ്ചാബിലെയും പതിമൂന്ന് വീതം സീറ്റുകളും പശ്ചിമ ബംഗാളിലെ ഒമ്പത്,ബീഹാറിലെ എട്ട്, ഒഡീഷയിലെ ആറ്,ഹിമാചൽ പ്രദേശിലെ നാല്,ജാർഖണ്ഡിലെ മൂന്ന് എന്നിവയ്‌ക്കൊപ്പം കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ ഒരു സീറ്റിലേക്കുമാണ് വോട്ടെടുപ്പ്.

ഏപ്രിൽ 19ന് ഒന്നാം ഘട്ടം മുതൽ ഏഴു ഘട്ടമായി നടന്ന വോട്ടെടുപ്പ് പ്രക്രിയയുടെ സമാപനമാണ് ജൂൺ ഒന്നിന്. അതിനാൽ ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ കലാശക്കൊട്ടായും വിശേഷിപ്പിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിന് ശേഷം രണ്ടു ദിവസത്തെ ധ്യാനത്തിന് കന്യാകുമാരിക്ക് പോകും. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്‌ക്കും കോൺഗ്രസ് നേതൃത്വത്തിലുള്ള 'ഇന്ത്യ' മുന്നണിക്കും ജൂൺ നാലിന്റെ വോട്ടെണ്ണൽ ദിനം വരെ കണക്കുകൂട്ടലിന്റെ ദിനങ്ങളാകും.

ആരോപണങ്ങളും

പ്രത്യാരോപണങ്ങളും

അവകാശവാദങ്ങൾക്കിടയിലും പരസ്‌പരം വിട്ടുകൊടുക്കാതെയുള്ള വീര്യമേറിയ പ്രചാരണമാണ് അവസാന ഘട്ടത്തിലും കണ്ടത്. കോൺഗ്രസും 'ഇന്ത്യ'യും അധികാരത്തിൽ വന്നാൽ ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് ഗുണമെന്ന ആരോപണം പ്രധാനമന്ത്രിയുടെ റാലികളിൽ ആവർത്തിച്ചു. മാദ്ധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങളിലും സംവരണം അടക്കം അട്ടിമറിക്കപ്പെടുമെന്ന ആശങ്ക അദ്ദേഹം പങ്കുവയ്‌ക്കുന്നു. പാർശ്വവത്‌ക്കരിക്കപ്പെട്ടവർക്കുള്ള സംവരണം നിറുത്തലാക്കി മതത്തെ അടിസ്ഥാനമാക്കാൻ കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നുവെന്ന് നരേന്ദ്ര മോദി ആരോപിച്ചു. തന്റെ മണ്ഡലമായ വാരാണസി അടക്കം യു.പിയിലെ മണ്ഡലങ്ങളിലും ബിഹാറിലും പശ്ചിമ ബംഗാളിലുമായിരുന്നു പ്രധാനമന്ത്രിയുടെ റാലികൾ. ഒഡീഷയിലും ബി.ജെ.പി കൂടുതൽ ശ്രദ്ധ ചെലുത്തി.

'ഇന്ത്യ' മുന്നണിക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷും സംയുക്തമായി നടത്തിയ റാലികളിൽ തൊഴിലില്ലായ്‌മയും വിലക്കയറ്റവും നരേന്ദ്ര മോദി സർക്കാരിന്റെ വീഴ്‌ചകളായി ചൂണ്ടിക്കാട്ടി. ഭരണഘടനാ സംരക്ഷണമാണ് മുന്നണി ഉയർത്തുന്ന മറ്റൊരു പ്രധാന വിഷയം. അഗ്‌നിവീർ പദ്ധതി തൊഴിലില്ലാതാക്കിയെന്ന ആരോപണം യു.പിയിലും ബീഹാറിലും ഹിമാചൽ പ്രദേശിലും പ്രതിപക്ഷം എൻ.ഡി.എ സർക്കാരിനെതിരെ ശക്തമായ ആയുധമാക്കി. പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് പ്രചാരണത്തിൽ സജീവമായി.

അതേസമയം, ആരോപണങ്ങൾ അതിരു കടന്നപ്പോൾ ജാഗ്രതാ മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തുകയും ചംയ്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY