ചെന്നൈ: തമിഴ്നാട്ടിൽ 13 പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ ബർഗുറിനടുത്തുള്ള സ്‌കൂളിൽ നടത്തിയ വ്യാജ എൻ.സി.സി ക്യാമ്പിനിടയിലാണ് 13 പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ഇതിൽ 13 വയസുള്ള ഒരു കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രധാനപ്രതിയും ക്യാമ്പ് നടത്തിപ്പുകാരനുമായ ശിവരാമൻ, സംഭവം അറിഞ്ഞിട്ടും പരാതിപ്പെടാത്തതിൽ സ്‌കൂൾ പ്രിൻസിപ്പൾ എസ് സതീശ് കുമാർ, രണ്ട് അധ്യാപകർ തുടങ്ങി ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശിവരാമനെ പോക്‌സോ നിയമവും ബി.എൻ.എസ് നിയമവും ഉൾപ്പെടുത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ് രാഷ്ട്രീയ പാർട്ടി നാം തമിഴർ കട്ച്ചിയിലെ പ്രവർത്തകനാണ് ശിവരാമൻ. ഈ മാസം അഞ്ചിനും ഒമ്പതിനും നടത്തിയ ത്രിദിന ക്യാമ്പിൽ 17 പെൺകുട്ടികളടക്കം 41 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ശിവരാമൻ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മറ്റ് 12 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നു.
പെൺകുട്ടി സംഭവം നടന്ന ഒമ്പതാം തീയതി തന്നെ പരാതി നൽകിയെങ്കിലും സ്‌കൂൾ അധികൃതർ പരാതി മുന്നോട്ട് കൊണ്ടുപോകാതെ വിഷയം മൂടിവെക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ എൻസിസി യൂണിറ്റില്ലാത്ത സ്വകാര്യ സ്‌കൂളിൽ ക്യാമ്പ് നടത്തിയാൽ യൂണിറ്റിനുള്ള യോഗ്യത ലഭിക്കുമെന്ന് നടത്തിപ്പുകാർ മാനേജ്‌മെന്റിനെ ധരിപ്പിക്കുകയായിരുന്നു. ക്യാമ്പ് നടത്തിപ്പുകാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ സ്‌കൂളിന് പരാജയം സംഭവിച്ചുവെന്നും പൊലീസ് അറിയിച്ചു.
സ്‌കൂളിന്റെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന സ്‌കൂൾ ഓഡിറ്റോറിയത്തിലായിരുന്നു പെൺകുട്ടികളെ താമസിപ്പിച്ചത്. ആൺകുട്ടികൾക്ക് ഗ്രൗണ്ട് ഫ്‌ളോറിലും സൗകര്യമൊരുക്കി. തങ്ങളെ കബളിപ്പിച്ച് ഓഡിറ്റോറിയത്തിന് പുറത്തേക്ക് കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടികൾ ആരോപിക്കുന്നു. എന്നാൽ ക്യാമ്പിന് ചുമതല വഹിക്കാൻ ഒരു അധ്യാപകരെയും നിയമിച്ചിരുന്നില്ല.
പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വിഷയത്തിൽ ജില്ലാ ശിശുക്ഷേമ സമിതിയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. വ്യാജ എൻസിസി ക്യാമ്പിന് പിന്നിൽ പ്രവർത്തിച്ച സംഘം മറ്റേതെങ്കിലും സ്‌കൂളിൽ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |