ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജ്‌രിവാളിനെ മദ്യനയക്കേസിൽ വിചാരണ ചെയ്യും. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയിൽ നിന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി ലഭിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മുന്നോടിയായാണ് നീക്കം. ബിജെപിയെ പിന്നിലാക്കി നാലാമതും അധികാരത്തിലേറാൻ ആംആദ്മി ശ്രമിക്കുന്നതിനിടയിലാണ് കേജ്‌രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി ലഭിച്ചത്. 2021-22 വർഷത്തെ എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസംബർ അഞ്ചിന് കേജ്‌രിവാളിനെ വിചാരണ ചെയ്യാൻ ഇഡി ലഫ്റ്റനന്റ് ഗവർണറുടെ അനുമതി തേടിയിരുന്നു.
മുഖ്യമന്ത്രിയായിരുന്ന കേജ്‌രിവാളിനെ മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി മാർച്ച് 21നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് സെപ്റ്റംബറിലാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഇഡി അന്ന് സമർപ്പിച്ച കുറ്റപത്രത്തിൽ കേജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കുറ്റക്കാരാണെന്ന് പരാമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |