ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെപ്‌തംബർ എട്ടുമുതൽ 10വരെ യു.എസ് സന്ദർശിക്കും. പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസാണ് സന്ദർശന പരിപാടികളുടെ സംഘാടകർ.എട്ടിന് ടെക്‌സസിലെ ഡാലസിലും 9, 10 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിലും രാഹുൽ എത്തും. ഡാലസിൽ, ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ, അക്കാഡമിക് വിദഗ്ദ്ധർ, സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ എന്നിവരെ രാഹുൽ അഭിസംബോധന ചെയ്യും. സാങ്കേതിക വിദഗ്ദ്ധരുമായും കൂടിക്കാഴ്‌ച നടത്തും. ചില നേതാക്കളുമായി അത്താഴ വിരുന്നുമുണ്ടാകും.
പ്രതിപക്ഷ നേതാവായശേഷം രാഹുലുമായി സംവദിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച വിവിധ തലങ്ങളിൽ നിന്നുള്ള ആളുകളുടെ അഭ്യർത്ഥനയെ തുടർന്നാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ പറഞ്ഞു. 32 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അഭ്യർത്ഥന ഏറ്റെടുത്ത് നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2023 മേയിലാണ് രാഹുൽ ഒടുവിൽ യു.എസ് സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |