ന്യൂഡൽഹി : ബംഗളൂരുവിൽ ന്യൂനപക്ഷ സമുദായക്കാർ തിങ്ങിപാർക്കുന്ന പ്രദേശത്തെ 'പാകിസ്ഥാൻ' എന്ന് അടച്ചാക്ഷേപിച്ച കർണാടക ഹൈക്കോടതി ജഡ്‌ജി വി. ശ്രീഷ നന്ദയുടെ പരാമർശത്തിൽ സ്വമേധയാ ഇടപെട്ട് സുപ്രീംകോടതി.
വാടകവീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട കേസിൽ ജഡ്‌ജി നടത്തിയ പരാമർശങ്ങൾ വൈറലായിരുന്നു. ഇന്നലെ അടിയന്തര സ്വഭാവത്തോടെ സുപ്രീംകോടതി പ്രത്യേക അഞ്ചംഗ ബെഞ്ച് രൂപീകരിച്ച് കർണാടക ഹൈക്കോടതി രജിസ്ട്രാർ ജനറലിൽ നിന്ന് റിപ്പോർട്ട് തേടി. അറ്രോണി ജനറൽ ആർ. വെങ്കട്ടരമണിയും, സോളിസിറ്രർ ജനറൽ തുഷാർ മേത്തയും കോടതിയെ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരാണ് ബെഞ്ചിലുള്ളത്.
ഇന്നത്തെ സാമൂഹിക മാദ്ധ്യമ യുഗത്തിൽ ജഡ്‌ജിമാർ സൂക്ഷ്‌മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. അത് മനസിലാക്കി പ്രവർത്തിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്‌ജിമാരുടെ നിരീക്ഷണങ്ങളുടെ പരിധി സംബന്ധിച്ച് മാർഗരേഖ നൽകുമെന്നും സൂചിപ്പിച്ചു. അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
അഭിഭാഷകയോടും മോശം പരാമർശം
ജസ്റ്റിസ് ശ്രീഷ നന്ദ സിറ്റിംഗിനിടെ അഭിഭാഷകയോട് മോശം പരാമർശം നടത്തിയതും വൈറലായിരുന്നു. എതിർകക്ഷിയെ കുറിച്ച് അഭിഭാഷകയ്‌ക്ക് വളരെ കാര്യങ്ങൾ അറിയാമല്ലോ, അയാളുടെ അടിവസ്ത്രത്തിന്റെ നിറം പോലും വെളിപ്പെടുത്തിയേക്കും എന്നായിരുന്നു കമന്റ്. ഇതിൽ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് അടക്കം നടപടി ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |