കൊച്ചി: വർഷാന്ത്യത്തെ വില വർദ്ധനയ്ക്ക് മുന്നോടിയായി ഉപഭോക്താക്കൾ വിപണിയിൽ സജീവമായതോടെ ഡിസംബറിൽ കാർ വില്പന റെക്കാഡ് ഉയരത്തിലെത്തി. പ്രമുഖ കാർ കമ്പനികളെല്ലാം ഇക്കാലയളവിൽ മികച്ച വില്പനയാണ് നേടിയത്. മാരുതി സുസുക്കി കഴിഞ്ഞ മാസവും വില്പനയിൽ ഒന്നാം സ്ഥാനത്ത് തുടർന്നു. ഹ്യുണ്ടായ്, മഹീന്ദ്ര എന്നിവയെ മറികടന്ന് ടാറ്റ മോട്ടോഴ്‌സ് വില്പനയിൽ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം യാത്രാവാഹനങ്ങളുടെ വില്പന ചരിത്രത്തിലാദ്യമായി 43 ലക്ഷം യൂണിറ്റുകൾ കവിഞ്ഞു. എസ്.യു.വികളുടെ വില്പനയിലെ കുതിപ്പും ഗ്രാമീണ മേഖലയിലെ ഉപഭോഗ ഉണർവുമാണ് കാർ വിപണിക്ക് ആവേശം സൃഷ്‌ടിച്ചത്. മുൻവർഷം 41.1 ലക്ഷം കാറുകളുടെ വില്പനയാണ് നടന്നത്.
വിപണിയിലെ അപ്രമാദിത്വം തുടർന്ന് മാരുതി
ഡിസംബറിൽ 1,30,115 കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. മുൻവർഷം ഇതേകാലയളവിനേക്കാൾ 24.18 ശതമാനം വർദ്ധനയാണ് വിപണിയിലുണ്ടായത്. ആൾട്ടോ എസ്‌പ്രസോ എന്നിവയുടെ വിഭാഗത്തിൽ 7,418 കാറുകൾ വിറ്റഴിച്ചു. ബലെനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗണർ എന്നിവ അടങ്ങുന്ന വിഭാഗത്തിൽ 54,906 യൂണിറ്റുകളാണ് വില്പന നടത്തിയത്. എസ്.യു.വി സെഗ്‌മെന്റിൽ ബ്രെസ, എർട്ടിഗ, ഫ്രോങ്ങ്സ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളുടെ വില്പന 55,651 യൂണിറ്റുകളായി കുതിച്ചുയർന്നു. മാരുതി ബ്രെസയാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വില്പന നേടിയത്.
പ്രകടനം മെച്ചപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ്
കാർ വില്പനയിൽ 1.73 ശതമാനം വളർച്ചയുമായി ടാറ്റ മോട്ടോഴ്‌സ് പ്രകടനം മെച്ചപ്പെടുത്തി. മൊത്തം 44,221 കാറുകളുടെ വില്പനയാണ് ടാറ്റ മോട്ടോഴ്‌സ് ഡിസംബറിൽ നേടിയത്. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 13.76 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം സ്വിഫ്‌റ്റിനെയും വാഗണറിനെയും മറികടന്ന് മികച്ച വില്പന നേടാൻ ടാറ്റ പഞ്ചിന് കഴിഞ്ഞു.
വില്പന മുന്നേറ്റത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര
ഡിസംബറിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാർ വില്പന 17.78 ശതമാനം ഉയർന്ന് 41,424 യൂണിറ്റുകളായി. മഹീന്ദ്ര സ്കോർപ്പിയോ മികച്ച ഉപഭോക്തൃ താത്പര്യമാണ് കഴിഞ്ഞ മാസം നേടിയത്. 12,195 യൂണിറ്റുകളുടെ വില്പനയാണ് ഈ മോഡൽ നേടിയത്.
ടൊയോട്ടയും കുതിപ്പ് തുടരുന്നു
ഡിസംബറിൽ ടൊയോട്ട കിർലോസ്‌കറിന്റെ കാർ വില്പന 16.45 ശതമാനം വർദ്ധനയോടെ 24,887 യൂണിറ്റുകളായി. മാരുതി സുസുക്കിയുമായി ചേർന്ന് വിപണനം ശക്തമാക്കിയതോടെ ടൊയോട്ട വാഹനങ്ങൾക്ക് പ്രിയമേറുന്നുവെന്നാണ് ഡീലർമാർ പറയുന്നത്. കഴിഞ്ഞ വർഷം വർഷം മൊത്തം വില്പനയിൽ 40 ശതമാനം വർദ്ധന നേടാനും കമ്പനിക്ക് കഴിഞ്ഞു. ഹൈബ്രിഡ് കാറുകളോടുള്ള താത്പര്യമാണ് ടൊയോട്ടയ്ക്ക് ഗുണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |