ന്യൂഡൽഹി: 2026 മാർച്ച് 31ഓടെ ഛത്തീസ്ഗഢിനെ മാവോയിസ്റ്റ് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമം ഉപേക്ഷിക്കാനും ആയുധം വച്ച് കീഴടങ്ങാനും അദ്ദേഹം മാവോയിസ്റ്റുകളോട് അഭ്യർത്ഥിച്ചു. ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിനിരയായവർക്ക് സഹായം നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിയമവാഴ്ച സ്ഥാപിക്കേണ്ടത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്വമാണ്. ആഭ്യന്തര സുരക്ഷയുമായി പൊരുത്തപ്പെടാത്തതിനാൽ മാവോയിസത്തേയും അതിന്റെ പ്രത്യയശാസ്ത്രത്തെയും പിഴുതെറിയാൻ പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. അതിനായി 2026 മാർച്ച് 31 അവസാന തീയതിയായി നിശ്ചയിച്ചു. അതിനു മുൻപ് കീഴടങ്ങണം. അഭ്യർത്ഥന സ്വീകരിക്കാത്തപക്ഷം ഓപ്പറേഷൻ ആരംഭിക്കും.
വടക്കു - കിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിലും നിരവധി ആളുകൾ തോക്കുകൾ അടിയറ വച്ച് മുഖ്യധാരയിൽ ചേർന്നു. അതുപോലെ മാവോയിസ്റ്റുകൾക്കും വരാം. പണ്ട് ഛത്തീസ്ഗഢിൽ നക്‌സലിസം വ്യാപകമായിരുന്നെങ്കിലും ഇപ്പോൾ ബസ്തറിലെ നാല് ജില്ലകളിൽ ഒതുങ്ങി. പശുപതി (നേപ്പാൾ) മുതൽ തിരുപ്പതി (ആന്ധ്രപ്രദേശ്) വരെ ഒരു ഇടനാഴി സ്ഥാപിക്കാൻ മാവോയിസ്റ്റുകൾ തയ്യാറാക്കിയ പദ്ധതി മോദി സർക്കാർ തകർത്തു.
അക്രമ ബാധിതർക്കായി സംസ്ഥാന സർക്കാരുമായി ചേർന്ന് ക്ഷേമ പദ്ധതി തയ്യാറാക്കും. തൊഴിൽ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേലകളിൽ സഹായിക്കും.
ഇക്കൊല്ലം 164 മാവോയിസ്റ്റുകളെയാണ് സേന വധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |