പ്രായോഗികമല്ലാത്ത നിയന്ത്രണമെന്ന് സുപ്രീംകോടതി
3 മീറ്റർ അകലെ നിൽക്കാൻ ആനകളോട് എങ്ങനെ പറയും
ന്യൂഡൽഹി: ക്ഷേത്രോത്സവ സീസൺ ആരംഭിച്ചിരിക്കെ, ആന എഴുന്നള്ളിപ്പിൽ സുപ്രീംകോടതിയുടെ ആശ്വാസ വിധി. ഹൈക്കോടതി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്ക് സ്റ്റേ. നിയന്ത്രണങ്ങൾ തൃശൂർ പൂരത്തെയുൾപ്പെടെ ബാധിക്കുമെന്ന് ആശങ്കയുയർന്നിരുന്നു.
2012ലെ നാട്ടാന പരിപാലന ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് തുടർന്നും ഉത്സവം നടത്താം. പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്ന അതോറിട്ടിയാവാൻ ഹൈക്കോടതിക്ക് കഴിയില്ല. നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം, രാവിലെ 9ന് ശേഷം എഴുന്നള്ളിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും എൻ. കോട്ടീശ്വർ സിംഗും അടങ്ങിയ ബെഞ്ച് സ്റ്രേ ചെയ്‌തത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സമർപ്പിച്ച ഹർജികളാണ് പരിഗണിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മൃഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾക്കും നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.
ശൂന്യതയിൽ നിന്നാണോ നിർദ്ദേശങ്ങളെന്ന് സുപ്രീംകോടതി ചോദിച്ചു. മൂന്നു മീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് നിർദ്ദേശിക്കാൻ കഴിയുമോ? പകൽസമയത്ത് നടത്തേണ്ട എഴുന്നള്ളിപ്പ്, രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെ പാടില്ലെന്ന നിർദ്ദേശവും അപ്രായോഗികം. ചൂട് കാരണമാണെന്ന് മൃഗാവകാശ സന്നദ്ധസംഘടനകൾ വാദിച്ചെങ്കിലും അംഗീകരിച്ചില്ല.
കേരളം ഹിമാലയത്തിൽ അല്ല. ചൂടുണ്ടാകും. ട്രക്കുകളിൽ കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് നടത്തിക്കൊണ്ടുപോകുന്നതാണ്. മൃഗങ്ങളുടെ അവകാശത്തിന്റെ പേരിൽ ക്ഷേത്രാചാരങ്ങൾ ലംഘിക്കപ്പെടാൻ കോടതി ആഗ്രഹിക്കുന്നില്ല.
അനിഷ്‌ട സംഭവമെങ്കിൽ
ദേവസ്വം ഉത്തരവാദി
ആന എഴുന്നള്ളിപ്പിനിടെ അനിഷ്‌ടസംഭവമുണ്ടായാൽ ഉത്തരവാദി ദേവസ്വങ്ങളായിരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. വൻ ആൾക്കൂട്ടം വരുമെന്നും ആനകൾ ആക്രമണകാരികളാകാമെന്നും മൃഗാവകാശ സംഘടനകൾ ബോധിപ്പിച്ചു. ഭയമുള്ളവർ വീട്ടിലിരിക്കട്ടെയെന്ന് കോടതി പ്രതികരിച്ചു. പോകാൻ തീരുമാനിച്ചവർ ഭവിഷ്യത്ത് ഏറ്റെടുക്കാനും തയ്യാറായി വരുന്നവരാണ്. തൃശൂർ പൂരത്തിനിടെ അനിഷ്ട സംഭവങ്ങളുണ്ടായിട്ടില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അറിയിച്ചു.
സ്റ്റേ ഇവയ്‌ക്ക്
1. ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം, ആനയും ആളുകളും തമ്മിൽ എട്ടു മീറ്റർ അകലം, ആനയും തീവെട്ടിയും തമ്മിൽ 5 മീറ്റർ അകലം
2. മുപ്പത് കിലോമീറ്ററിൽ അധികം നടത്തിക്കൊണ്ടു പോകാൻ പാടില്ല, വാഹനത്തിൽ 125 കിലോമീറ്ററിൽ അധികം കൊണ്ടുപോകരുത്
2012ലെ ചട്ടം
എഴുന്നള്ളിപ്പിൽ ആനകൾ തമ്മിൽ മതിയായ അകലം
രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ എഴുന്നള്ളിക്കരുത്
(ആചാരാനുഷ്ഠാനങ്ങൾ ഉള്ള ക്ഷേത്രങ്ങൾക്ക് ഇളവ്)
രാത്രി 10ന് ശേഷവും ആനയെ വാഹനത്തിൽ കൊണ്ടുപോകാം
125 കിലോമീറ്ററിൽ കൂടുതൽ യാത്രയ്ക്ക് വിലക്കുണ്ടായിരുന്നില്ല
സുപ്രീംകോടതി വിധി സ്വാഗതാർഹം. ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് പൂരം നടത്തുന്നതിന് കേന്ദ്ര സർക്കാർ ബിൽ കൊണ്ടു വരണം.
ജി.രാജേഷ്
പാറമേക്കാവ് ദേവസ്വം സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |