ന്യൂഡൽഹി: വോട്ടിംഗ് പ്രോത്സാഹിപ്പിക്കാൻ യു.എസ് നൽകിയ 21 മില്യൺ ഡോളർ ധനസഹായം നിറുത്തലാക്കിയതിനെ ചൊല്ലി വിവാദം മുറുകുന്നു.
യു.എസിൽ സർക്കാർ ചെലവ് കുറയ്ക്കാൻ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമത ഡിപ്പാർട്ട്മെന്റാണ്(ഡോഷ്) ഇന്ത്യയിൽ സന്നദ്ധ സംഘടനകൾക്ക് നൽകിവന്ന 21 മില്യൺ ഡോളർ ഫണ്ട് നിറുത്തലാക്കിയത്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച ഫണ്ടിന് അനുമതി നൽകിയത് കോൺഗ്രസ് ആണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. ഭരിക്കുന്ന പാർട്ടിയല്ല ഇത്തരം കാര്യങ്ങളിൽ നിന്ന് നേട്ടം കൊയ്യുന്നതെന്നും വ്യക്തമാക്കി.
ഈ രീതിയിൽ ലഭിക്കുന്ന ഫണ്ട് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നതിനു തുല്യമാണ്. യു.എസ് ചെലവാക്കുന്നെന്നു പറയുന്ന ഈ തുക ഇന്ത്യയുടെ നന്മ ലക്ഷ്യമിട്ടാണെന്ന് പറയാനാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാൻ നൽകുന്ന ഫണ്ട് രാജ്യവിരുദ്ധമെന്നാണ് ബി.ജെ.പി വാദം. ആരാണ് ഈ പണം വാങ്ങുന്നതെന്നും ചോദ്യമുയർന്നു.
ഇന്ത്യയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്ക് നുഴഞ്ഞുകയറാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ അവസരമൊരുക്കിയെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി.സാമ്പത്തിക വിദഗ്ദ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവുമായ സഞ്ജീവ് സന്യാൽ, ഫണ്ട് നൽകുന്ന യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യു.എസ്.എ.ഐ.ഡി)
ചരിത്രത്തിലെ വലിയ അഴിമതിയാണെന്ന് അവകാശപ്പെട്ടു. യു.എസ് ഏജൻസി ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബി.ജെ.പി നേതാവ് നളിൻ കോഹ്‌ലി പറയുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സംഘടനകൾക്ക് കോൺഗ്രസ് രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ അവസരമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാളവ്യയുടെയും കോഹ്‌ലിയുടെയും ആരോപണങ്ങളെ തള്ളിയ കോൺഗ്രസ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ (ഇ.സി.ഐ) റോൾ മറ്റാരും ഏറ്റെടുക്കാറില്ലെന്ന് വിശദീകരിക്കുന്നു.
റിപ്പോർട്ട് തള്ളി ഖുറൈഷി
ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം മെച്ചപ്പെടുത്താൻ ഫണ്ട് അനുവദിച്ചെന്ന റിപ്പോർട്ടുകൾ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ(സി.ഇ.സി) എസ്.വൈ ഖുറൈഷിയും തള്ളി. 2012ൽ താൻ സി.ഇ.സി ആയിരുന്നപ്പോൾ, വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ യു.എസ് ഏജൻസിയുമായി ധനസഹായത്തിന് നടപടിയെടുത്തെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു. ഡോഷിന്റെ നടപടിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചിട്ടില്ല.
വിവാദ ഫണ്ട്
ആഗോളതലത്തിൽ തിരഞ്ഞെടുപ്പുകളെയും രാഷ്ട്രീയ പരിവർത്തനങ്ങളെയും പിന്തുണയ്‌ക്കാനായി പ്രവർത്തിക്കുന്ന ഇലക്‌ഷൻ ആൻഡ് പൊളിറ്റിക്കൽ പ്രോസസ് സ്‌ട്രെങ്‌തനിംഗ് കൺസോർഷ്യമാണ്(സി.ഇ.പി.പി.എസ്) നിലവിൽ ഇന്ത്യക്ക് ഫണ്ട് അനുവദിക്കുന്നത്. 1995ൽ സ്ഥാപിതമായ സംഘടനയ്ക്ക് ധനസഹായം നൽകുന്നത് യു.എസ്.എഐ.ഡിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |