ബലംപ്രയോഗിച്ച് വിഷം നൽകിയെന്ന് വെളിപ്പെടുത്തൽ
കൊൽക്കത്ത: പശ്ചിമബംഗാളിലെ ടാംഗ്ര കൊലപാതക കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ച സ്ത്രീകളിൽ ഒരാളുടെ മകൻ. കാറപകടത്തിൽ രക്ഷപ്പെട്ട പ്രദീപ് ദേയാണ് അച്ഛനും ചെറിയച്ഛനുമാണ് വില്ലന്മാരെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത്. തന്റെ അമ്മ സുധേഷ്ണയേയും ചെറിയമ്മ റോമിയേയും ചെറിയച്ഛന്റെ മകൾ പ്രിയംവദയേയും ഇരുവരും ചേർന്ന് ബലം പ്രയോഗിച്ച് വിഷം നൽകി കൊല്ലുകയായിരുന്നെന്നാണ് കുട്ടി പറഞ്ഞത്. ഇന്നലെയാണ് സഹോദരന്മാരിൽ മൂത്തയാളായ പ്രണയ് ദേയുടെ മകന്‍ പ്രദീപിന് ബോധം വന്നത്. പ്രണയ് ദേയും അനുജൻ പ്രസൂനും ആശുപ്ത്രിയിലാണ്. ഡിസ്ചാർജ് ചെയ്ത ശേഷം ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.സാമ്പത്തിക ബാദ്ധ്യതയാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം. ഭാര്യമാരെയും പെൺകുട്ടിയെയും ബലമായി വിഷം കുടിപ്പിച്ചശേഷം കാർ അപകടമുണ്ടാക്കി ജീവനൊടുക്കാനായിരുന്നു ലക്ഷ്യം.
കൊൽക്കത്ത ഈസ്‌റ്റേൺ മെട്രോപോളിറ്റൻ ബൈപ്പാസിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ കാർ അപകടത്തിലൂടെയാണ് സംഭവങ്ങൾ പുറത്താവുന്നത്. സഹോദരങ്ങളായ പ്രണയ് (48).പ്രസൂൻ (45),പ്രണയ്‌യുടെ മകൻ പ്രദീപ് (14) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. തങ്ങൾ സഹോദരങ്ങളാണെന്നും വീട്ടിൽ ഭാര്യമാരും മകളും ജീവനൊടുക്കിയെന്നും ഇവർ പൊലീസിനോടു പറഞ്ഞു. തുർന്ന് കിഴക്കൻ കൊൽക്കത്തയിലെ ടാംഗ്രയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രണയ് ദേയുടെ ഭാര്യ സുധേഷ്ണ (39), പ്രസൂനിന്റെ ഭാര്യ റോമി (44), പ്രസൂണിന്റെ മകൾ പ്രിയംവദ (14) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തി.കൈത്തണ്ട മുറിഞ്ഞ നിലയിലായിരുന്നു മൂന്ന് മൃതദേഹങ്ങളും. എന്നാൽ, മുറിവുകളുടെ സ്വഭാവവും പെൺകുട്ടിയുടെ മുഖത്തെ ചതവുകളും പൊലീസിന് സംശയമുണർത്തി. ബലപ്രയോഗത്തിലൂടെ വിഷം നൽകിയതാണെന്ന സംശയം പ്രദീപിന്റെ വെളിപ്പെടുത്തലോടെ ബലപ്പെടുകയാണ്.
ബിസിനസ് പൊളിഞ്ഞു
ഒടുവിൽ കടുംകൈ
കുടുംബത്തിന് തുകൽ ബിസിനസിൽ വലിയ നഷ്ടം സംഭവിച്ചിരുന്നു. കടക്കാർ നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നെന്നും പൊലീസ് കണ്ടെത്തി. സാമ്പത്തികമായി തകർന്നിട്ടും ഇവർ കടം വാങ്ങി ആഡംബര ജീവിതം തടർന്നു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ കടുംകൈയിലേക്ക് സഹോദരന്മാർ നീങ്ങി. ആശുപത്രിയിൽ പൊലീസിന് പ്രണയ് ദേയോട് മാത്രമാണ് സംസാരിക്കാനായത്. സഹോദരനും മകനും ഐ.സി.യു.വിൽ ആയിരുന്നു. സാമ്പത്തിക ബാദ്ധ്യത കാരണം കുടുംബം ആത്മഹത്യയ്ക്ക് തീരുമാനിച്ചെന്നാണ് പ്രണയ് പറഞ്ഞത്. ഭക്ഷണത്തിൽ വിഷം കലർത്തി എല്ലാവരും കഴിച്ചു. ഭാര്യയും മകളും മരിക്കുന്നത് കണ്ടുനിൽക്കാൻ കഴിയാത്തതിനാലാണ് സഹോദരനും മകനുമായി കാറുമെടുത്ത് പുറത്തിറങ്ങിയത്. കാർ എവിടെയെങ്കിലും ഇടിച്ചുകയറ്റി അപകടമുണ്ടാക്കി മരിക്കാനായിരുന്നു തീരുമാനിച്ചിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |