ന്യൂഡൽഹി: കോൺഗ്രസിന്റെ ഗുജറാത്ത് ഘടകം അടിമുടി ഉടച്ചുവാർക്കാനൊരുങ്ങുകയാണ് എ.ഐ.സി.സി. ഇതിന്റെ ഭാഗമായി നാളെയും,മറ്റന്നാളും രാഹുൽ ഗാന്ധി ഗുജറാത്തിലുണ്ടാകും. ആരാവല്ലി ജില്ലയിലെ മൊദസയിൽ ഡി.സി.സി ശാക്തീകരണ യോഗങ്ങളിൽ പങ്കെടുക്കും. പാർട്ടിയിലെ ഒറ്റുകാരെ പുറത്താക്കുമെന്നാണ് സൂചന. ബി.ജെ.പിയുടെ സ്ളീപ്പ് സെൽ കോൺഗ്രസിനകത്ത് അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് രാഹുൽ. വിശ്വസ്‌തരല്ലാത്ത നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവരെ സസ്‌പെൻഡ് ചെയ്യുന്നത് അടക്കം നടപടിയിലേക്ക് കടന്നേക്കും. 2027ൽ ഗുജറാത്ത് തിരിച്ചുപിടിക്കുമെന്ന് അഹമ്മദാബാദിലെ എ.ഐ.സി.സി സമ്മേളനത്തിൽ പ്രമേയം പാസാക്കിയിരുന്നു. ഡി.സി.സികൾ ശക്തിപ്പെടുത്തുന്ന നടപടി ഗുജറാത്തിൽ നിന്ന് ആരംഭിക്കുമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 9ന് പ്രമേയം പാസായി ദിവസങ്ങൾക്കകം തന്നെ രാഹുൽ നേരിട്ടിറങ്ങുന്നത് നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള കൃത്യമായ സന്ദേശമാണ്. പ്രവർത്തിക്കാൻ വയ്യെങ്കിൽ വിരമിച്ച് വിശ്രമജീവിതത്തിലേക്ക് മാറണമെന്ന് എ.ഐ.സി.സി സമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ താക്കീത്. പാർട്ടി പ്രവർത്തനങ്ങളിൽ സഹായിക്കാൻ തയ്യാറാകാത്തവർ വിശ്രമം തിരഞ്ഞെടുക്കണം. ഉത്തരവാദിത്വങ്ങൾ നിർവഹിക്കാത്തവർ വിരമിക്കണമെന്നും പരാമർശിച്ചിരുന്നു.
41 നിരീക്ഷകരും
ഡി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമന നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ 41 അംഗ നിരീക്ഷകരെ എ.ഐ.സി.സി നിയമിച്ചു.എ.ഐ.സി.സി,പി.സി.സി നേതാക്കളാണ് നിരീക്ഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |