ന്യൂഡൽഹി: ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കൊളംബിയയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ വിമർശിച്ച് ബി.ജെ.പി. രാഹുൽ പ്രതിപക്ഷനേതാവല്ല, പ്രൊപ്പഗാൻഡ നേതാവാണെന്ന് ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.
ഇന്ത്യയെ പാവപ്പെട്ട രാജ്യമായി നിലനിറുത്തിയത് ഗാന്ധി-വാദ്ര കുടുംബമാണെന്ന് ബി.ജെ.പി നേതാവ് പ്രദീപ് ഭണ്ഡാരിയും കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ഇന്ത്യാ വിരുദ്ധനാണ്. ഇന്ത്യയെയും ഇന്ത്യയുടെ പുരോഗതിയെയും വെറുക്കുന്ന ഒരാൾക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ വിദേശ രാജ്യത്തുവച്ച് പറയാൻ സാധിക്കൂവെന്നും ആരോപിച്ചു.
കഴിഞ്ഞ ദിവസം കൊളംബിയയിലെ ഇ.ഐ.എ സർവകലാശാലയിൽ നടന്ന സംവാദത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ഇന്ത്യയിൽ നിരവധി മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുണ്ട്. എല്ലാവർക്കും ഇടം നൽകുന്നതാകണം ഒരു ജനാധിപത്യ സംവിധാനം. എന്നാലിപ്പോൾ ജനാധിപത്യ സംവിധാനം എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കപ്പെടുകയാണ്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആശയങ്ങൾ ഭീരുത്വമാണെന്നും രാഹുൽ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |