ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരായ നടപടികളിലൂടെ വാർത്തകളിൽ ഇടം നേടിയ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ. ഡൽഹി കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അംഗത്വം നൽകി. നേതൃത്വം ആവശ്യപ്പെടുന്ന സ്ഥലത്ത് പ്രവർത്തിക്കുമെന്ന് പൂനെയിൽ സ്ഥിരതാമസമാക്കിയ കോട്ടയം പുതുപ്പള്ളി സ്വദേശിയായ കണ്ണൻ പറഞ്ഞു.
2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണൻ 2019ൽ 370-ാം വകുപ്പ് റദ്ദാക്കി ജമ്മു കാശ്‌മീരിന് പ്രത്യേക പദവി ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റു വരിച്ചു. യു.പിയിൽ പ്രവേശിക്കുന്നത് വിലക്കി. 2018ലെ പ്രളയ സമയത്ത് സാധാരണക്കാർക്കൊപ്പം ദുരിത്വാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് വാർത്തയായി. മിസോറാം ജില്ലാ കളക്ടർ ആയിരിക്കെ നടത്തിയ വികസന പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടു. കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജാർഖണ്ഡിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എൻജിനിയറിംഗ് ബിരുദമെടുത്തു. കോൺഗ്രസ് നേതാക്കളായ പവൻ ഖേര,ശശികാന്ത് സെന്തിൽ,കനയ്യ കുമാർ,ജിഗ്‌നേഷ് മേവാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |