
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ കൊലപാതകം അന്താരാഷ്‌ട്രതലത്തിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. വർഷങ്ങളായി ഇസ്രായേൽ നടത്തിയ രഹസ്യനീക്കത്തിന്റെയും നിരീക്ഷണത്തിന്റെയും ഫലമായിരുന്നു ഖമനേയിയുടെ കൊലപാതകം. ഇറാന്റെ സുരക്ഷാസംവിധാനത്തിലേക്ക് രഹസ്യമായി കടന്നുചെല്ലുകയും അവയെ നിയന്ത്രണത്തിലാക്കുകയും ചെയ്‌ത ഈ നീക്കം മറ്റ് രാജ്യങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾക്കും വെല്ലുവിളിയാണ്.
ഇസ്രായേൽ വർഷങ്ങൾക്കുമുൻപ് തന്നെ ഇറാന്റെ സുരക്ഷാസംവിധാനം ഹാക്ക് ചെയ്‌തിരുന്നതായാണ് വിവരം. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ടെഹ്റാനിലെ ട്രാഫിക് ക്യാമറകളും മൊബൈൽ നെറ്റ്‌വർക്കുകളും ഇസ്രായേലിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എൻക്രിപ്‌റ്റ് ചെയ്‌ത് ടെൽ അവീവിലെ ഇസ്രായേലി സർവ്വറുകളിലേക്ക് അയച്ചിരുന്നതായാണ് റിപ്പോർട്ട്. ഇതിലൂടെ ഖമനേയിയുടെയും അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തിന്റെയും നീക്കങ്ങൾ ഇസ്രായേൽ മനസിലാക്കിയിരുന്നു.
ഖമനേയിയുടെ വസതിക്കു സമീപമുള്ള ഒരു ക്യാമറ ദൃശ്യമാണ് ആക്രമണത്തിൽ നിർണായകമായതെന്നും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാർ വാഹനങ്ങൾ പാർക്കുചെയ്യുന്ന സ്ഥലം, അവരുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഈ ദൃശ്യങ്ങളിലൂടെ ഖമനേയിയുടെ എതിരാളികൾ മനസിലാക്കിയിരുന്നു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ചാരന്മാർ ഖമനേയിയുടെ ദിനചര്യകൾ വളരെ അടുത്ത് നിന്ന് മനസിലാക്കിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹം എവിടെയാണ് താമസിക്കുന്നത്, ആരെയാണ് കാണുന്നത്, എങ്ങനെ ആശയവിനിമയം നടത്തുന്നു, ആക്രമണ ഭീഷണിയുണ്ടാകുമ്പോൾ എവിടേക്ക് മാറിയേക്കാം തുടങ്ങിയ കാര്യങ്ങൾ അവർ വിശകലനം ചെയ്‌തിരുന്നു. അദ്ദേഹത്തിനൊപ്പം കൂടിച്ചേരലുകൾ നടത്തിയിരുന്ന മറ്റ് പ്രധാന രാഷ്‌ട്രീയ സൈനിക നേതാക്കളെയും ചാരസംഘങ്ങൾ നിരീക്ഷിച്ചിരുന്നു.
ഖമനേയി ഉൾപ്പടെ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ ശനിയാഴ്‌ച രാവിലെ ടെഹ്റാനിലെ സമുച്ചയത്തിനുള്ളിലെ വ്യത്യസ്ത സ്ഥലങ്ങളിൽ യോഗം ചേരാനിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഈ സമുച്ചയത്തിലാണ് ഖമനേയിയുടെ ഓഫീസും ദേശീയ സുരക്ഷാ സംവിധാനത്തിന്റെ ഓഫീസുകളും സ്ഥിതിചെയ്‌തിരുന്നത്. ആദ്യത്തെ രാത്രിയിൽ ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീടത് പകൽ സമയത്തേക്ക് മാറ്റിയതായാണ് വിവരം.
ഇസ്രയേൽ സമയം രാവിലെ ആറുമണിയോടെയാണ് ഇസ്രായേലിന്റെയും യുഎസിന്റെയും യുദ്ധവിമാനങ്ങൾ സമുച്ചയത്തിലേക്ക് മിസൈലുകൾ പ്രയോഗിച്ചത്. 60 സെക്കന്റിനുള്ളിൽ മൂന്ന് ലക്ഷ്യസ്ഥാനങ്ങൾ ആക്രമണങ്ങളിൽ തകർക്കാൻ കഴിഞ്ഞെന്നാണ് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നത്. ഖമനേയി ഉൾപ്പടെ 40 മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേലിന്റെ വാദം. പകൽ സമയത്ത് ആക്രമണം നടത്തിയത് അപ്രതീക്ഷിതത്വം സൃഷ്‌ടിക്കാനായിരുന്നെന്നും അവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |