
ന്യൂഡൽഹി: സിവിൽ വ്യോമയാന മന്ത്രാലയത്തിന് വേണ്ടി വിമാനാപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി) സംഘടിപ്പിക്കുന്ന ഏഷ്യാ പസഫിക് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് (എ.പി.എ.സി-എ.ഐ.ജി) യോഗവും ശില്പശാലയും നാളെ മുതൽ 31 വരെ നടക്കും. കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു ഉദ്ഘാടനം ചെയ്യും.
ഏഷ്യാ പസഫിക് മേഖലയിലെ ഐ.സി.എ.ഒ അംഗരാജ്യങ്ങളും വിവിധ അന്താരാഷ്ട്ര സംഘടനകളും യോഗത്തിൽ പങ്കെടുക്കും. ഇന്ത്യയിൽ ആദ്യമായാണ് യോഗം നടക്കുന്നത്. ഏഷ്യാ പസഫിക് രാജ്യങ്ങളിലെയും ഐ.സി.എ.ഒയിലെയും വിമാനാപകട അന്വേഷണ ഉദ്യോഗസ്ഥരായ 90 ഓളം പേർ യോഗത്തിൽ പങ്കെടുക്കും.
വിമാനാപകട അന്വേഷണത്തിന്റെ നടപടിക്രമങ്ങളും റിപ്പോർട്ടിംഗും ഉൾപ്പെടെ വിവിധ വശങ്ങൾ ചർച്ച ചെയ്യും. അപകട/സംഭവ അന്വേഷണ അധികാരികൾ തമ്മിൽ വൈദഗ്ദ്ധ്യം, അനുഭവ സമ്പത്ത്, വിവരങ്ങൾ എന്നിവ പങ്കിടുന്നത് പ്രോത്സാഹിപ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. കൂടാതെ ഏഷ്യ, പസഫിക് മേഖലകളിലെ അപകട/സംഭവ അന്വേഷണ ശേഷി മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥർക്കിടയിൽ സഹകരണം വികസിപ്പിക്കാനും ലക്ഷ്യമിടുന്നു.
വിമാനാപകട അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ 28, 29 തീയതികളിൽ നടക്കുന്ന ശില്പശാലയിൽ ഉൾപ്പെടുത്തും. ശില്പശാലയിൽ എ.എ.ഐ.ബി, ഡി.ജി.സി.എ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര പങ്കാളികളും പങ്കെടുക്കും. ഏഷ്യാ പസഫിക് മേഖലയിലെ ഐ.സി.എ.ഒ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും എ.എ.ഐ.ബി ഉദ്യോഗസ്ഥരും 30, 31 തീയതികളിൽ ചർച്ചകൾ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |