
പാട്ന: ഒരു കുടുംബത്തിന് ഒരു സർക്കാർ ജോലി, സ്ത്രീകൾക്ക് 2,500 രൂപ അലവൻസ്, സൗജന്യ വൈദ്യുതി അടക്കം ജനപ്രിയ വാഗ്ദാനങ്ങളുമായി ബീഹാറിൽ മഹാസഖ്യത്തിന്റെ പ്രകടന പത്രിക. പുതിയ വഖഫ് ബോർഡ് നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല, ജാതി സെൻസസ്, പഴയ പെൻഷൻ പദ്ധതി തിരിച്ചുകൊണ്ടുവരും. ക്രമസമാധാനം ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും "തേജസ്വി പ്രാൺ" (തേജസ്വിയുടെ പ്രതിജ്ഞ) എന്ന പേരിലിറക്കിയ പത്രികയിലുണ്ട്. പാട്നയിലെ ഹോട്ടലിൽ നടന്ന പ്രകാശന ചടങ്ങും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന് പ്രാമുഖ്യം നൽകിയായിരുന്നു. തൊഴിൽ, ക്ഷേമം, ഭരണ പരിഷ്കാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാഗ്‌ദാനങ്ങളാണ് പത്രികയിലുള്ളത്. തേജസ്വി യാദവ് നേരത്തെ പ്രഖ്യാപിച്ച സർക്കാർ ജോലി, ജീവിക സ്വയം സഹായ ഗ്രൂപ്പുകൾക്ക് 30,000 രൂപ ശമ്പളത്തിൽ സ്ഥിരം ജോലി എന്നിവയും വാഗ്‌ദാനം ചെയ്യുന്നു. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ ഒരു കുടുംബത്തിന് ഒരു ജോലി ഉറപ്പാക്കും. സർക്കാർ, സ്വകാര്യ മേഖലകളിൽ 5 വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിൽ കണ്ടെത്തും.
ഒരു പുതിയ ബീഹാർ ഉണ്ടാക്കലാണ് ലക്ഷ്യമെന്ന് തേജസ്വി യാദവ് പറഞ്ഞു.
സ്ത്രീകൾക്ക്
2,500 രൂപ
മയി-ബഹിൻ മാൻ യോജന പദ്ധതിയിൽ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ,
അഞ്ച് വർഷത്തേക്ക് പ്രതിവർഷം 30,000 രൂപ
കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും
എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും ദരിദ്ര കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകളും
അന്യസംസ്ഥാനത്തെ ബീഹാറുകാരെ സഹായിക്കാൻ ലേബർ സർവേ
കർഷകരുടെ കടങ്ങൾ എഴുതിതള്ളും, എല്ലാ വിളകൾക്കും മിനിമം താങ്ങുവില
ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം
10 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ആരോഗ്യ ചികിത്സ
തൊഴിലിനും വിദ്യാഭ്യാസത്തിനും ഒ.ബി.സി, ഇ.ബി.സി, ദളിത് വിഭാഗങ്ങളിൽ സബ് ക്വോട്ട
ന്യൂനപക്ഷങ്ങൾക്കും വനിതകൾക്കും പ്രത്യേക പദ്ധതി.
സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാവം സംവരണം,
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് അതിവേഗ കോടതികൾ.
25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ്, വിധവകൾക്കും മുതിർന്ന പൗരന്മാർക്കും പ്രതിമാസം
1,500 രൂപ , വികലാംഗർക്ക് 3,000 രൂപ പെൻഷൻ
മത്സര പരീക്ഷകൾക്ക് ഫീസ് വേണ്ട. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര.
ബോധ് ഗയയിലെ ബുദ്ധക്ഷേത്രങ്ങളുടെ നടത്തിപ്പ് ബുദ്ധമതക്കാർക്ക്
വിമുക്തഭടന്മാർക്കായി ക്ഷേമ കോർപ്പറേഷൻ
കള്ള്, മഹുവ തുടങ്ങിയ പരമ്പരാഗത തൊഴിലുകളെ മദ്യ നിരോധനത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കും
ബിഹാറിൽ പ്രചാരണത്തിന് ചൂടേറും, രാഹുൽ-തേജസ്വി റാലി ഇന്ന്
പാട്ന: ഛഠ് പൂജയുടെ ആലസ്യത്തിൽ മന്ദഗതിയിലായ തിരഞ്ഞെടുപ്പ് പ്രചാരണം പാർട്ടികൾ ഇന്നു മുതൽ വേഗത്തിലാക്കും. പ്രകടന പത്രിക പ്രകാശനത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തുന്ന സംയുക്ത റാലിയോടെ മഹാസഖ്യവും നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയോടെ എൻ.ഡി.എയും പ്രചാരണം ഉഷാറാക്കും.
രാഹുൽ ഗാന്ധിയും തേജസ്വിയും ഇന്നുച്ചയ്ക്ക് 12:30ന് മുസാഫർപൂരിലെ സദ്പൂർ ബുസർഗിലുള്ള ശ്രീ കൃഷ്ണ റായ് ഗ്രൗണ്ടിലും , , 2.15ന് ദർബംഗ ലോവാം ഖേൽ മൈതാനത്തും റാലി നടത്തും. സെപ്തംബർ ഒന്നിന് അവസാനിച്ച വോട്ടർ അധികാർ യാത്രയ്ക്ക് ശേഷം ഇരുവരും ബിഹാറിൽ ഒന്നിക്കുന്നത് ഇന്നാണ്.
പ്രധാനമന്ത്രി മോദി നാളെ മുസാഫർപൂരിലും ഛപ്രയിലും റാലികളിലും തലസ്ഥാനമായ പാട്നയിൽ നവംബർ രണ്ടിന് റോഡ് ഷോയിലും പങ്കെടുക്കും. ഒക്ടോബർ 24നാണ് മോദി ആദ്യറാലി നടത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി മുഖ്യമന്ത്രിമാർ എന്നിവരും പ്രചാരണത്തിനെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |