
ന്യൂഡൽഹി: ഫരീദാബാദ് അൽ ഫലാ യൂണിവേഴ്സിറ്റി ക്യാമ്പസിലെ 17-ാം നമ്പർ ഹോസ്റ്റൽ കെട്ടിടത്തിലെ 13ാം നമ്പർ മുറിയിലാണ് ഡൽഹിയിലെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്താനുള്ള പദ്ധതി തയ്യാറാക്കിയതെന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണ ഏജൻസികൾ. ഫരീദാബാദിൽ സ്‌ഫോടകവസ്‌തുക്കളടക്കം പിടിച്ചെടുത്ത കേസിൽ പ്രതിയായ, ഇതേ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായ ഡോ. മുസമ്മിൽ അഹമ്മദ് ഗനായിയുടെ മുറിയാണിത്. അറസ്റ്റിലായ ഡോക്‌ടർ ഷഹീൻ സയീദ്, ചെങ്കോട്ടയ്‌ക്കു സമീപത്തെ ഉഗ്ര സ്‌ഫോടനത്തിൽ ചിതറിത്തെറിച്ച ഇതേ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഉമർ നബി തുടങ്ങിയവർ ചേർന്ന് ആക്രമണത്തിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കിയത് ഇവിടെയാണ്. മുറിയുടെ വാതിൽ എപ്പോഴും അടച്ചിരുന്നു. അർദ്ധരാത്രിയും പുലർച്ചെയും അപരിചിതർ വന്നുപോകുന്നത് വിദ്യാർത്ഥികൾ കണ്ടിട്ടുണ്ട്. പുറത്തുനിന്നുള്ള ആരെങ്കിലും എപ്പോഴും മുറിയിലുണ്ടാകുമെന്നും വിവരം ലഭിച്ചു. വിരലടയാളങ്ങൾ അടക്കം ശേഖരിച്ച് ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. കെട്ടിടം പൂർണമായി സീൽ ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ, അദ്ധ്യാപകർ, ജീവനക്കാർ തുടങ്ങി 50ൽപ്പരം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. കോളേജ് ക്യാമ്പസ് ഭീകരപ്രവർത്തനത്തിനുള്ള കേന്ദ്രമായിരുന്നുവെന്ന് ഫരീദാബാദ് പൊലീസ് പ്രതികരിച്ചു.
യൂണിവേഴ്സിറ്റിയിലെ രാസവസ്‌തുക്കളോ ?
ബോംബ് നിർമ്മാണത്തിന് ആവശ്യമായ രാസവസ്‌തുക്കൾ അൽ ഫലാ മെഡിക്കൽ കോളേജിലെ ലാബിൽ നിന്ന് ഘട്ടംഘട്ടമായി ശേഖരിച്ച് വലിയ ശേഖരമാക്കുകയായിരുന്നോയെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ലാബ് സീൽ ചെയ്‌തു. ഫോറൻസിക് സംഘം കെമിക്കൽ സാമ്പിളുകൾ ശേഖരിച്ചു. ലാബിൽ ഭീകരർ കെമിക്കൽ പരീക്ഷണം നടത്തിയോയെന്നും പരിശോധിക്കുന്നുണ്ട്. ഫരീദാബാദിൽ പിടിച്ചെടുത്ത അതേ സ്‌ഫോടകവസ്‌തുക്കളുമായി ചെങ്കോട്ടയ്‌ക്ക് സമീപത്തു നിന്ന് കിട്ടിയ രാസ അവശിഷ്‌ടങ്ങൾക്ക് സാമ്യമുണ്ട്.
നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ
സ്‌ഫോടനത്തിന്റെയും ജനങ്ങൾ ഭീതിയോടെ ഓടുന്നതിന്റെയും നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. ഉഗ്ര ശബ്‌ദത്തിനു പിന്നാലെ തീഗോളമുയരുന്നത് ദൃശ്യങ്ങളിൽ കാണാം. ചെങ്കോട്ട മേഖലയിൽ ആരുടെയെങ്കിലും സഹായം ഉമറിന് ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നു. അതേസമയം, ഉമറാണെന്ന് സ്ഥിരീകരിക്കാൻ ഡൽഹി എയിംസിൽ ഡി.എൻ.എ പരിശോധന തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |