
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപത്തെ സ്‌ഫോടനത്തിനു പിന്നിൽ വിപുലമായ ആസൂത്രണമുണ്ടെന്നതിൽ അന്വേഷണ ഏജൻസികൾക്ക് സംശയമില്ല. ജെയ്ഷെ മുഹമ്മദിന്റെ പങ്ക് കൂടുതൽ തെളിമയോടെ പുറത്തുവരുന്നു. ആസൂത്രണം ആരുടെ തലച്ചോറിലാണ് ആദ്യം തുടങ്ങിയതെന്ന് കണ്ടെത്താനുള്ള കഠിനപ്രയത്നത്തിലാണ് ഏജൻസികൾ. ഭീകരാക്രമണമാണെന്നും ഇതിനുപിന്നിലെ കുറ്റവാളികളെയും സ്‌പോൺസർമാരെയും അടക്കം വെറുതെ വിടില്ലെന്നും കേന്ദ്രസർക്കാർ ഉറച്ച സ്വരത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജെയ്ഷെ മുഹമ്മദിനെയും ലഷ്കറെ ത്വയ്ബയെയും പോലുള്ള ഭീകരസംഘടനകളെ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന പാകിസ്ഥാന് നേരെയാണ് 'സ്‌പോൺസർ" പ്രയോഗമെന്ന് വ്യക്തം. ഓപ്പറേഷൻ സിന്ദൂർ മോദി സർക്കാർ അവസാനിപ്പിച്ചിട്ടില്ല. ഉത്തരവാദികളെ കണ്ടെത്തി നീതി നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ ശുഭപ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. പഹൽഗാമിലെ ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയപ്പോൾ ജെയ്ഷെ മുഹമ്മദിന്റെയും ലഷ്കറെ ത്വയ്ബയുടെയും പ്രധാനികൾ കൊല്ലപ്പെട്ടിരുന്നു. പാക് പരിശീലന കേന്ദ്രങ്ങൾ ഇന്ത്യൻ സേന അഗ്നിക്കിരയാക്കി. പാക് സൈനിക താവളങ്ങളെ തലങ്ങും വിലങ്ങും ആക്രമിച്ചു. ഇതിനെല്ലാം പ്രതികാരം ചെയ്യുമെന്ന് ജെയ്ഷെ മുഹമ്മദ് ഭീകരർ പല വേദികളിലും പറഞ്ഞുനടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലഷ്കറെ ത്വയ്ബ ബംഗ്ലാദേശിലും താവളമുറപ്പിക്കുന്നുവെന്നും അവിടെ ഭീകര പരിശീലന കേന്ദ്രങ്ങൾ തുറന്നുവെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ട്. ഭീകരസംഘടനയുടെ സ്ഥാപകൻ ഫാഫിസ് സയീദ് വെറുതെ ഇരിക്കുകയല്ല. ബംഗ്ലാദേശിനെ താവളമാക്കി ഇന്ത്യയെ ആക്രമിക്കാൻ തയ്യാറെടുക്കുന്നുവെന്ന് പാകിസ്ഥാനിലെ ഖൈർപൂർ തമേവാലിയിൽ സംഘടിപ്പിച്ച റാലിയിൽ ലഷ്കറെ ത്വയ്ബ കമാൻഡർ സയ്‌ഫുള്ള സെയ്‌ഫ് പ്രസംഗിച്ചിരുന്നു. അമേരിക്ക തങ്ങൾക്കൊപ്പമാണെന്ന് കൊടുംഭീകരൻ അവകാശപ്പെട്ടതും ശ്രദ്ധേയമാണ്.
ഓപ്പറേഷൻ സിന്ദൂർ തുടരും ?
ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാത്ത നിലപാടാണ് രാജ്യത്തിനെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പാക് ഭീകര സംഘടനകളുടെ പങ്കിനെ സംബന്ധിച്ച് നിർണായകമായ ചീല ലീഡുകൾ ഏജൻസികൾക്ക് മുന്നിലുണ്ട്. ചെങ്കോട്ടയ്‌ക്ക് സമീപം കാറിൽ പൊട്ടിച്ചിതറിയ ഡോ. ഉമർ നബിയും, ഫരീദാബാദിൽ സ്‌ഫോടകവസ്‌തുശേഖരവും ആയുധങ്ങളും പിടികൂടിയ കേസിൽ പിടിയിലായ ഡോ. മുസമ്മിൽ അഹമ്മദ് ഗനായിയും 2021ൽ തുർക്കി സന്ദർശനം നടത്തിയിരുന്നുവെന്ന് കണ്ടെത്തി. അവിടെവച്ച് ജെയ്ഷെ മുഹമ്മദ് നേതാക്കളെ കണ്ടുവെന്നാണ് സൂചനകൾ. ഡോക്‌ടർമാർ അടക്കം ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെ ഭീകരപ്രവർത്തനത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ 'വൈ റ്റ് കോളർ" മൊഡ്യൂൾ തയ്യാറാക്കിയത് തുർക്കിയിൽ വച്ചാണോയെന്ന് പരിശോധിക്കുകയാണ് ഏജൻസികൾ. അന്വേഷണഫലത്തിനായി കാത്തിരിക്കുകയാണ് കേന്ദ്രം. റിപ്പോർട്ട് വൈകില്ല. പാക് ബന്ധം തെളിഞ്ഞാൽ 'ഓപ്പറേഷൻ സിന്ദൂർ" തുടർന്നേക്കുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |